ന്യൂസ് ഡെസ്ക്, മലയാളം യുകെ
വരും വർഷങ്ങളിൽ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ കുറവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിൻ്റെ റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവന്നത്. 2026 മുതൽ 2029 വരെയുള്ള കാലയളവിൽ യുകെയുടെ വളർച്ച 1.2 ശതമാനമായി കുറയുമെന്ന പ്രവചനം കടുത്ത ആശങ്ക ഉളവാക്കുന്നതായാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യവും പണപെരുപ്പവും കൂടിയാൽ അത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയർത്തുന്നതിന് വഴിവെക്കുമോ എന്നതാണ് ഈ സാഹചര്യത്തിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യം.
ആഗസ്റ്റ് ഒന്നാം തീയതി നടത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന യോഗത്തിൽ പലിശനിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിരുന്നു. ഇതിനോട് അനുബന്ധമായി മോർട്ട്ഗേജ് നിരക്കുകൾ കുറയുന്നത് ലോണെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കടുത്ത ആശ്വാസമാണ് നൽകിയിരിക്കുന്നത്. പണപ്പെരുപ്പവും സാമ്പത്തിക പുരോഗതിയും ശരിയായ ദിശയിലാണെങ്കിൽ പലിശ നിരക്കുകളിൽ വീണ്ടും കുറവ് വരുമെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. 2025 – ൽ പലിശ നിരക്കുകൾ നിലവിലെ 5 ശതമാനത്തിൽ നിന്ന് 4.6% ആയി കുറയുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തുടർന്ന് 2026 -ൽ 4 ശതമാനമായും 2028 ൽ 3.5 ശതമാനവും ആയി പലിശ നിരക്കുകൾ കുറയുമെന്ന പ്രവചനവും പല സാമ്പത്തിക വിദഗ്ധരും നടത്തിയിരുന്നു .
എന്നാൽ ഈ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തുന്ന കണക്കുകൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് പുറത്തു വിട്ടിരിക്കുന്നത്. 2026 മുതൽ 2029 വരെയുള്ള കാലയളവിൽ യുകെയുടെ വളർച്ച 1.2 ശതമാനമായി കുറയുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് പറയുന്നത്. എന്നാൽ യുകെയുടെ വളർച്ച നിരക്ക് 2.5 ശതമാനമായി ഉയർത്തുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു.
Leave a Reply