ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലേക്ക് ബ്രിട്ടൻ രക്ഷാപ്രവർത്തക സംഘത്തെ അയച്ചു. 76 പേരടങ്ങുന്ന രക്ഷാപ്രവർത്തകരുടെ സംഘം ഇന്നലെ തന്നെ തുർക്കിയിലെത്തി ചേർന്നു. രക്ഷാപ്രവർത്തനത്തിന് സഹായകരമായ ഉപകരണങ്ങൾ , പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയും യുകെയുടെ രക്ഷാദൗത്യ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ടർക്കിഷ് അസോസിയേഷനുകളുടെയും യുകെയിലുടനീളമുള്ള സ്ഥലങ്ങളിൽ തുർക്കിയിലെ ജനതയെ സഹായിക്കുന്നതിനായുള്ള വിവിധ രീതിയിലുള്ള സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. 4300 -ലധികം ആളുകൾ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പതിനായിരത്തിലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ ബ്രിട്ടീഷ് വംശജർ ആരും മരിച്ചതായി അറിവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും മരണസംഖ്യ ഇതിലും ഉയരുവാൻ കാരണമായേക്കുമോ എന്ന ആശങ്ക ശക്തമാണ്. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാകാനുള്ള സാധ്യതയും നിലവിലുണ്ട്.

തുർക്കിയിലും അയൽ രാജ്യമായ സിറിയയിലുമുണ്ടായ ആദ്യ ഭൂകമ്പത്തിൽ തുർക്കിയിൽ മാത്രം 2900 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ . സിറിയയിൽ 1400 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ . 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനുശേഷം യഥാക്രമം 7.5 ,6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. മരണസംഖ്യ നിലവിലേതിനേക്കാൾ 8 മടങ്ങു വരെ വർദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.