റിയാദ്: സൗദിയിലേക്കുള്ള യുകെയുടെ ആയുധക്കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. യെമനുമായി സൗദി സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ബ്രിട്ടീഷ് ആയുധക്കയറ്റുമതി 500 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്ക്. 4.6 ബില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ സംഘര്‍ഷം ആരംഭിച്ച് രണ്ട് വര്‍ഷത്തിനിടെ കയറ്റി അയച്ചതായാണ് വിവരം. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും നേരെ പ്രയോഗിക്കാന്‍ ബ്രിട്ടീഷ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും ഇവയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താത്തതില്‍ ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
യുദ്ധക്കുറ്റങ്ങളുടെ പശ്ചാത്തലത്തിലും എക്‌സ്‌പോര്‍ട്ട് ലൈസന്‍സുകള്‍ കൂടുതലായി അനുവദിക്കുന്നതാണ് വിമര്‍ശന വിധേയമാകുന്നത്. സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന യെമനില്‍ നടത്തിയ ആക്രമണങ്ങളില്‍ 5295 സിവിലിയന്‍മാര്‍ മരിക്കുകയും 8873 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. എന്നാല്‍ ഇവയേക്കാള്‍ വലുതായിരിക്കും യഥാര്‍ത്ഥ കണക്കുകളെന്നാണ് സൂചന.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്ന ആക്രമണങ്ങളില്‍ ബ്രിട്ടീഷ് ബോംബുകളും മിസൈലുകളുമാണ് കണ്ടെടുത്തത്. എന്നിട്ടും യുകെ, സൗദിക്ക് രാഷ്ട്രീയവും നയപരവുമായ പിന്തുണ തുടരുകയാണെന്ന് ക്യാംപെയിനര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
Leave a Reply