സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിലെ സാഹചര്യങ്ങൾ അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം 89 പേരാണ് കൊറോണ ബാധ മൂലം ഒരു ദിവസം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 424 ലേക്ക് ഉയർന്നു. വൈറസ് ബാധ തടയുന്നതിനായി, രാജ്യം മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മരിച്ച 89 പേരിൽ, 83 പേരും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. രണ്ടുപേർ വെയിൽസിൽ നിന്നും, മൂന്നു പേർ നോർത്തേൺ അയർലണ്ടിൽ നിന്നും, ഒരാൾ സ്കോട്ട്‌ലൻഡിൽ നിന്നുമാണ്. 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 26 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ മരണപ്പെട്ടവർ 33 മുതൽ 103 വയസ്സിനിടയിൽ പെടുന്നവരാണ്. 33 വയസ്സുള്ള ആളുടെ മരണമാണ് ഏറ്റവും പ്രായം കുറഞ്ഞ മരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഒരു കുട്ടിയുടെ മരണം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ കുട്ടിക്ക് കൊറോണ ബാധ ഉണ്ടെങ്കിലും മരണം ഇതുമൂലം അല്ല എന്ന് പിന്നീട് സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്ത് അവശ്യസാധനങ്ങളുടേതല്ലാത്ത എല്ലാ കടകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മറ്റും ജയിലുകളിലേക്ക് ഉള്ള എല്ലാ സന്ദർശനങ്ങളും കർശനമായി നിരോധിച്ചിരിക്കുകയാണ്. ജനങ്ങൾ അത്യാവശ്യ സേവനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിർദേശവും നൽകിയിട്ടുണ്ട്. ഈ വൈറസ് രണ്ടുമാസത്തോളം നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. അതിനായി ലണ്ടനിലെ എക്സ്ൽ സെന്ററിൽ താൽക്കാലികമായ രോഗികളെ ചികിത്സിക്കാനുള്ള ഒരു ആശുപത്രി അടുത്ത ആഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ പലപ്പോഴും സാമൂഹ്യ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം എന്നും, ജനങ്ങൾ എല്ലാവരും തന്നെ വീടുകളിൽ കഴിയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു.

ലോകത്താകമാനം കൊറോണയെ പ്രതിരോധിക്കാനുള്ള പല നടപടികളും സ്വീകരിക്കുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് ടോക്കിയോ ഒളിമ്പിക്സ് 2021 ലേക്ക് മാറ്റി. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി നൽകുന്ന കണക്കു പ്രകാരം ലോകത്താകമാനം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ലോകത്താകമാനമുള്ള മരണ സംഖ്യ 17000 കടന്നു. ഒരു ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമായതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജർമ്മനി കൊറോണയെ പ്രതിരോധിക്കുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം ഡബ്ല്യു എച്ച് ഒ നൽകിയിട്ടുണ്ട്.