ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്മസ് രാവിൽ യുകെ തണുത്ത് വിറച്ചില്ല. പല സ്ഥലങ്ങളിലും താപനില 15.3 സെൽഷ്യസ് വരെയെത്തി. ക്രിസ്മസിന്‍റെ ചടങ്ങുകളിൽ പള്ളിയിൽ പോകാൻ കാലാവസ്ഥ വളരെ അനുകൂലമായിരുന്നു എന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് ഇതേ കുറിച്ച് പ്രതികരിച്ചത്.

യുകെയിൽ എത്തിയ ആദ്യകാല മലയാളികളുടെ ഓർമ്മയിൽ പോലും ഇത്രയും തണുപ്പ് കുറഞ്ഞ ഒരു ക്രിസ്മസ് രാവ് അനുഭവപ്പെട്ടിട്ടില്ല. മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും സന്തോഷത്തിലായിരുന്നു. 1997 – ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഡിസംബർ 24 -നാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സാധാരണ ഡിസംബറിലെ താപനില 7 സെൽഷ്യസ് ആണ് . എന്നാൽ ഈ വർഷം താപനില ശരാശരിയെക്കാൾ വളരെ കൂടുതലാണ്. ഹീത്രുവിലും ബെർക്ക്‌ഷെയറിലെ സിപ്പൻഹാമിലുമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

1920 -ലെ ക്രിസ്മസ് ദിനത്തിലാണ് യുകെയിൽ ചരിത്രത്തിലെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. അന്ന് താപനില 15 .6 സെൽഷ്യസ് വരെ വന്നിരുന്നു. അന്നത്തെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അന്തരീക്ഷം തണുപ്പ് കുറഞ്ഞാണെങ്കിലും ഇംഗ്ലണ്ടിലെ പലസ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.