ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- റഷ്യയും ഉക്രെയ് നും തമ്മിലുള്ള പ്രതിസന്ധി പുരോഗമിക്കുന്നതിനിടെ, ഉക്രെയ് നിന് ആവശ്യമായ ആയുധങ്ങൾ നൽകി സഹായിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബ്രിട്ടൻ. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. റഷ്യ ഒരുലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചതിനെത്തുടർന്നാണ് ഉക്രെയ് നിന് സഹായം നൽകുവാൻ യുകെ മുന്നോട്ടുവന്നിരിക്കുന്നത്. ചെറിയ സംഘം ബ്രിട്ടീഷ് സൈനികരെയും ഉക്രെയ് നിലേയ് ക്ക് അയക്കുമെന്ന് അഭ്യന്തര സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി. എന്നാൽ ഉക്രെയ് നിലേക്ക് അതിക്രമിച്ചു കയറുവാൻ തങ്ങൾ ശ്രമിക്കുന്നില്ല എന്നാണ് റഷ്യ നൽകിയ പ്രതികരണം. മറ്റ് രാജ്യങ്ങൾ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കാൻ ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. 2015 മുതൽ തന്നെ ബ്രിട്ടീഷ് ഗ്രൂപ്പുകൾ ഉക്രെയ്ൻ സൈനികർക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നുണ്ട്. തിങ്കളാഴ്ച തന്നെ ആദ്യഘട്ട ആയുധങ്ങൾ ഉക്രെയ് നിന് കൈ മാറിയതായാണ് റിപ്പോർട്ട്.


തങ്ങളുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുവാൻ ഉക്രെയ് നിന് അവകാശം ഉണ്ടെന്നും, അതിനാവശ്യമായ എല്ലാ സഹായവും ബ്രിട്ടൻ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. റഷ്യ അതിക്രമിച്ചു കയറിയാൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമെന്നും, അത് തടയുന്നതിനാവശ്യമായ സഹായങ്ങളാണ് ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നാറ്റോ രാജ്യങ്ങളാണ് ഉക്രെയ് നിന് ആയുധങ്ങൾ നൽകി സഹായിക്കുന്നതെന്ന് റഷ്യ ആരോപിച്ചു. പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാനാണ് യുഎസ് പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. 2014 മുതൽ തന്നെ റഷ്യയും ഉക്രെയ് നും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബ്രിട്ടന്റെ ഇപ്പോഴുള്ള ഇടപെടൽ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുമോ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.