ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്റെ ഒരു ചെറു സൈനിക സംഘം പോർട്ട് സുഡാനിൽ ഇറങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 500 മൈൽ ദൂരെയാണ് പോർട്ട് സുഡാൻ . രണ്ടു റോയൽ നേവി കപ്പലുകൾ ഇതിനകം തന്നെ ഈ മേഖലയിൽ ഉണ്ട് . ആവശ്യഘട്ടങ്ങളിൽ സൈന്യത്തിന് സഹായം നൽകാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏകദേശം നാലായിരത്തോളം ബ്രിട്ടീഷ് പൗരന്മാർ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 2000 പേർ രാജ്യം വിടുന്നതിനുള്ള സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിലുള്ള ഒഴിപ്പിക്കൽ നടപടികൾ പ്രാവർത്തികമാക്കുമ്പോൾ ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടായേക്കാമെന്നതാണ് സർക്കാരിനെ തുടർ നടപടികളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവർ തൽക്കാലം വീടിനുള്ളിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രി ആൻഡ്രൂ മിച്ചൽ പറഞ്ഞു.

ഞായറാഴ്ച യുകെ പ്രത്യേക സൈനിക നടപടികളിലൂടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്ഥിതി വളരെ ഗുരുതരമാകുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും വൈദ്യുതിയ്ക്കും ക്ഷാമം നേരിട്ടു തുടങ്ങി. 1,100 ഓളം യൂറോപ്യൻ യൂണിയൻ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കലാപ ഭൂമിയിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ യുകെ പിന്നോക്കം പോയതായുള്ള ആക്ഷേപങ്ങൾ ശക്തമാണ്. എന്നാൽ സുഡാനിന്റെ തലസ്ഥാനത്തെ ചുറ്റിപ്പറ്റി പോരാട്ടം കനക്കുന്നതു മൂലവും സൈന്യത്തിന്റെ അഭാവവും കാരണം 2021 – ലെ അഫ്ഗാനിസ്ഥാൻ എയർ ലിഫ്റ്റ് നേക്കാൾ സുഡാൻ ഒഴിപ്പിക്കൽ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രതിരോധവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.