യുകെയിൽ ഇന്ത്യൻ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവം വംശീയ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അഞ്ചംഗ യുവാക്കളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർ മുഖം മറച്ചാണ് ആക്രമണത്തിന് എത്തിയത്.
മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള മയൂർ കർലേഖർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. മയൂരും ഭാര്യ റിതുവും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിക്കുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ വിവരം അഗ്നിശമനസേനയെ അറിയിച്ച് കുടുംബത്തെ രക്ഷിക്കുകയായിരുന്നു. തെക്കു-കിഴക്കൻ ലണ്ടനിലെ ബോർക് വുഡ് പാർക്ക് മേഖലയിലെ ഒർപിംഗ്ടണിലാണ് കുടുംബം താമസിച്ചു വന്നിരുന്നത്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. അയൽവാസികളുടെ അവസരോചിത ഇടപെടലിലൂടെയാണ് തങ്ങൾ രക്ഷപെട്ടതെന്ന് മയൂർ കലേഖർ പറഞ്ഞു. പതിനെട്ട് വർഷത്തിലധികമായി ലണ്ടനിൽ താമസിക്കുന്നയാളാണ് മയൂർ.
Leave a Reply