ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിദിനം യുകെയിൽ മൂവായിരത്തിലധികം ആളുകൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വർഷവും ക്രിസ്‌തുമസ് ആഘോഷങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് സേജിൻെറ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ആശുപത്രിയിൽ ഉയർന്നുവരുന്ന രോഗികളുടെ എണ്ണം തടയാനാണ് രണ്ടാഴ്ചത്തെ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗണും ഇൻഡോർ മിക്സിങ് നിരോധനവും നടപ്പാക്കാനുള്ള അഭിപ്രായം സേജിൻെറ ശാസ്ത്രജ്ഞർ മുന്നോട്ട്‌വച്ചത്. എൻഎച്ച്എസ് ആശുപത്രികളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം രോഗികളുടെ എണ്ണം ഉയരുന്നതിനുമുമ്പ് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സയൻറിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) തങ്ങളുടെ യോഗത്തിൽ മുന്നോട്ട് വെച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. കൊറോണാ വൈറസിൻെറ ഒമിക്രോൺ വേരിയന്റിൻെറ വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം ക്രിസ്‌തുമസിന് മുമ്പ് ഒരു സർക്യൂട്ട് ബ്രേക്കർ നടത്തുന്നതായിരിക്കുമെന്ന് സെൻറ് ആൻഡ്രൂസ് സർവകലാശാലയിലെ സോഷ്യൽ സൈക്കോളജി പ്രൊഫസറും സേജ് അംഗവുമായ സ്റ്റീഫൻ റീച്ചർ അഭിപ്രായപ്പെട്ടു.
ഇൻഡോർ സോഷ്യൽ കോൺടാക്ടും സൽക്കാരങ്ങളും നിരോധിക്കുന്നതിനെ സേജിൻറെ വിദഗ്ധർ പിന്തുണച്ചു. ഇത് പുതുവത്സര പാർട്ടികൾ ആസൂത്രണം ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് തിരിച്ചടിയായിരിക്കും. ജനുവരി ഒന്നിനു മുൻപ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മീറ്റിംഗിൽ വിദഗ്ദ്ധർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ വൈകുന്നതിനനുസരിച്ച് അതിൻറെ ഫലപ്രാപ്തി കുറയുമെന്നും അവർ കൂട്ടിച്ചേർത്തു. ഒമിക്രോൺ വേരിയന്റിൻെറ ഭീഷണിക്കെതിരെ യുകെയിൽ ഉടനീളം സംയുക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിൽ അടിയന്തരമായി യോഗം നടത്തും. ടോറി എംപിമാരുടെയും ഡൗണിംഗ് സ്ട്രീറ്റിന്റെയും എതിർപ്പുകൾ ഉണ്ടായിട്ടും ക്രിസ്തുമസിന് മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ആശങ്കയിലേയ്ക്കാണ് സേജ് ശാസ്ത്രജ്ഞമാരുടെ മുന്നറിയിപ്പ് വിരൽ ചൂണ്ടുന്നത് .
Leave a Reply