ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബഡ്ജറ്റിനോട് യുകെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എങ്കിലും ബഡ്ജറ്റിലെ പല നിർദ്ദേശങ്ങളോടും പക്വതയോടെയുള്ള പ്രതികരണമാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നുണ്ടായത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വിപണിയിൽ ഉണ്ടായ ചെറിയ ചാഞ്ചാട്ടങ്ങൾക്കും പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിനും കാരണമായി രണ്ട് വർഷം മുമ്പ് ലിസ് ട്രസ് അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ കുറ്റപ്പെടുത്തി ട്രഷറിയുടെ ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് രംഗത്ത് വന്നു. യാഥാർത്ഥ്യ ബോധമില്ലാതെ ലിസ് ട്രസ് നടത്തിയ 45 ബില്യൺ പൗണ്ടിന്റെ നികുതി വെട്ടി കുറച്ചതിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഇതുവരെ കരകയറിയില്ലെന്ന് ട്രഷറി സെക്രട്ടറി ഡാരൻ ജോൺസ് ചൂണ്ടി കാണിച്ചു.


കഴിഞ്ഞ 15 വർഷം കൂടിയാണ് ലേബർ പാർട്ടി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയുടെ അനന്തര ഫലമായുള്ള കഷ്ടപ്പാടുകൾ ആണ് യുകെയിൽ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഡാരൻ ജോൺസ് പറഞ്ഞു. ബഡ്ജറ്റിൻ്റെ പല നിർദ്ദേശങ്ങളും എങ്ങനെ ജനങ്ങളെ ബാധിക്കും എന്നതിനെ കുറിച്ച് കൂടുതൽ വിലയിരുത്തലുകൾ നടത്തണമെങ്കിൽ തുടർ മാസങ്ങളിൽ ഉണ്ടാകുന്ന പണപ്പെരുപ്പത്തെയും ജീവിത ചിലവ് വർദ്ധനവിനെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കിയെ പറയാൻ സാധിക്കുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ വന്ന വർദ്ധനവ് പോലുള്ള കാര്യങ്ങൾ വീട് വാങ്ങുവാൻ ആഗ്രഹിക്കുന്ന യു കെ മലയാളികൾക്ക് തിരിച്ചടിയാണെന്ന് നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ചുള്ള ചർച്ചകളാണ് യുകെയിൽ എങ്ങും. ബഡ്ജറ്റിലെ നികുതി വർദ്ധനവ് നേരിട്ട് അല്ലെങ്കിലും പരോക്ഷമായി സാധാരണക്കാരെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നാഷണൽ ഇൻഷുറൻസിലെ വർദ്ധനവിൽ നിന്ന് എൻഎച്ച്എസ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയെങ്കിലും അതേ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർഹോമുകളെ ബാധിക്കും എന്നാണ് അറിയാൻ സാധിച്ചത് . ഇത് ആ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന യു കെ മലയാളികൾക്ക് ദോഷകരമാകുമെന്ന കാര്യം മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.