വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍ 2 വര്‍ക്ക് വിസയിലേക്ക് മാറാമെന്നതിനാല്‍ ഇത് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്രദമാകും. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കാനും പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കും.

ജനുവരി 11 മുതല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ സൗകര്യങ്ങള്‍ ലഭ്യമാകും. പുതിയ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍2- സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാം. നിലവില്‍ ഡിഗ്രി ലഭിച്ച ശേഷം മാത്രമേ ടിയര്‍ 2 വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. യുകെയില്‍ തുടരുമ്പോള്‍ പെട്ടെന്ന് തന്നെ ജോലി അന്വേഷിക്കാനുള്ള അവസരമാണ് ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്.

അതായത് ഒരു പിജി ഡിഗ്രി കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് തീസിസ് മാര്‍ക്ക് ലഭിക്കുന്നത് വരെ അല്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഡിഗ്രി ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്ന നിബന്ധനയാണ് വഴിമാറുന്നത്. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിയര്‍ 2 വിസയിലേക്ക് മാറാനുള്ള അവസരമാണ് കൈവരുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് വേണ്ടി പ്രധാനമായും വാദിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് പ്രതിസന്ധിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഗ്രാജുവേഷന് ശേഷം 12 മുതല്‍ 24 മാസം വരെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു സാദിഖ് ഖാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ തല്‍ക്കാലത്തേക്ക് ഇത്രയും അവസരങ്ങള്‍ യുകെ അനുവദിച്ചിട്ടില്ല. യുകെ യൂണിവേഴ്‌സിറ്റികളും, സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് മാറ്റങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റുഡന്റ് വിസ എന്നറിയപ്പെടുന്ന ടിയര്‍4 വിസകള്‍ കോഴ്‌സ് കാലാവധിയും, അതിന് ശേഷം ഏതാനും മാസങ്ങളിലേക്കും മാത്രം അനുവദിക്കുന്നതിനാല്‍ യുകെയില്‍ ജോലി നേടാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. 12 മാസത്തില്‍ അധികമുള്ള ദീര്‍ഘകാല കോഴ്‌സുകള്‍ക്ക് പലപ്പോഴും കോഴ്‌സ് കാലാവധിയേക്കാള്‍ 4 മാസം അധികം പ്രാബല്യമുള്ള വിസ മാത്രമാണ് അനുവദിക്കാറുള്ളത്. ഈ സമയം കൊണ്ട് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വരാജ്യത്തേക്ക് മടങ്ങേണ്ടതായി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ നിലവില്‍ ടിയര്‍ 4 വിസയില്‍ നിന്നും ടിയര്‍ 2-വിലേക്ക് മാറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഡിഗ്രി ലഭിക്കാത്തതും, സ്റ്റുഡന്റ് വിസ കാലാവധി അവസാനിക്കുന്നതും വിദ്യാര്‍ത്ഥികളെ യുകെയില്‍ നിന്നും അകറ്റിയിരുന്നു. കൂടാതെ ബ്രക്‌സിറ്റിന്റെ പ്രത്യാഘാതം ഏത് തരത്തിലാകും വിദേശ വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് വിസയെ ബാധിക്കുകയെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനുള്ള അവസരം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.