ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 ലെ ആദ്യ അഞ്ച് മാസങ്ങളിൽ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ വർദ്ധിച്ചതായുള്ള റിപോർട്ടുകൾ പുറത്തുവന്നു. സർക്കാർ പോസ്റ്റ്-സ്റ്റഡി വർക്ക് നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.
2025 ജനുവരി മുതൽ മെയ് വരെ 76,400 വിദ്യാർത്ഥികൾ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വർദ്ധനവ് ആണ് ഇത് . മെയ് മാസത്തിൽ മാത്രം 18,500 പഠന വിസ അപേക്ഷകൾ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 19% കൂടുതൽ ആണ് . സ്റ്റുഡൻറ് വിസയിൽ എത്തിയവരുടെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ കാലയളവ് 2 വർഷത്തിൽ നിന്ന് 18 മാസമായി വെട്ടി കുറച്ചിരുന്നു നയമാറ്റം നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ സ്ഥിതിവിവര കണക്കുകളാണ് ഹോം ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.
സ്റ്റുഡൻറ് വിസയിലെ നയമാറ്റം പുതിയതായി അപേക്ഷിക്കുന്നവരെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്റ്റുഡൻറ് വിസയിൽ എത്തുന്നവർക്ക് ഡിപെൻഡൻഡ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആർ ലഭിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങൾ സർക്കാർ വരുത്തിയിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ സുരക്ഷിതവും കൂടുതൽ സ്ഥിരതയുള്ളതുമായ രാജ്യമായി യുകെയെ കരുതുന്നതായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്റ്റഡി ഗ്രൂപ്പിലെ വിദേശകാര്യ ഡയറക്ടർ റൂത്ത് ആർനോൾഡ് പറഞ്ഞു. എന്നാൽ ഏജൻസികൾ ഇപ്പോഴും യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനം നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുകെയിലേയ്ക്ക് പഠനത്തിനായി എത്തുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്.
Leave a Reply