ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യ യുക്രെയിനിലെ കൈവിൽ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ യുകെയിലെ റഷ്യൻ അംബാസഡർ ആൻഡ്രി കെലിനെ വിദേശകാര്യ ഓഫീസിലേക്ക് വിളിപ്പിച്ച് സർക്കാർ. അടുത്തിടെ നടന്ന അക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഇത് ഏറ്റവും തീവ്രത ഏറിയ ആക്രമങ്ങളിൽ ഒന്നായിരുന്നുവെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പറയുന്നു. കൈവിലെ ബ്രിട്ടീഷ് കൗൺസിലിന്റെ ഓഫീസുകൾക്കും ആക്രമണത്തിൽ സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
യുകെയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക സംഘടന, തങ്ങളുടെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്ക് ആക്രമണത്തിൽ പരുക്കേറ്റതായി വ്യക്തമാക്കി. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തെ തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റഷ്യൻ എംബസിയിലേയ്ക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
അതേസമയം റഷ്യയുടെ ഈ നീക്കത്തെ വിമർശിച്ച് കൊണ്ട് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് കൗൺസിലിന്റെയും കൈവിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെയും കെട്ടിടങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ റഷ്യ നടത്തുന്ന അക്രമണങ്ങൾ യുക്രൈനെ പിന്തുണയ്ക്കാൻ മറ്റു രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയിൻ സൈന്യത്തിന്റെ കണക്കനുസരിച്ച്, ആക്രമണത്തിൽ റഷ്യ ഏകദേശം 600 ഡ്രോണുകളും 30 ലധികം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണ് ഉപയോഗിച്ചത്. പത്തൊൻപത് പേരുടെ ജീവൻ നഷ്ടമായ ഈ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Leave a Reply