ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മിഡിൽ ഈസ്റ്റിൽ ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടെ, ഇറാൻ ഇന്നലെ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തെ ചെറുത്തുനിൽക്കുന്നതിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടീഷ് സേനയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗികമായി ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്തമാക്കി . സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകാതെ തടയിടുവാൻ, ബ്രിട്ടൻ ശക്തമായി പരിശ്രമിക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ ഇറാൻ നടത്തിയ ശക്തമായ ആക്രമണത്തിൽ ഏകദേശം 180 ഓളം മിസൈലുകളാണ് ഇസ്രായേലിനെതിരെ അവർ ഉപയോഗിച്ചത്. ആക്രമണത്തോട് പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യുകെ ഇസ്രായേലിനൊപ്പം നിൽക്കുന്നതായും, അവരുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗീകരിക്കുന്നതായും വ്യക്തമാക്കി. ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും നേതാക്കളെയും ഇറാൻ്റെ മുതിർന്ന കമാൻഡറെയും കൊലപ്പെടുത്തിയ സമീപകാല ആക്രമണങ്ങൾക്ക് പ്രതികാരമായാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പറഞ്ഞു. ഇറാൻ ആക്രമണത്തെ അപലപിക്കുന്നതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ ഭൂരിഭാഗവും പരാജയപ്പെടുത്താൻ ഇസ്രായേൽ -യുഎസ് -യുകെ സംയുക്ത പരിശ്രമത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെ, ലെബനനിലെ സാഹചര്യങ്ങൾ രൂക്ഷമായതിനെ തുടർന്ന് ബ്രിട്ടീഷ് പൗരന്മാരോട് അവിടെനിന്നും മാറുവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക ചാർട്ട് വിമാനം ക്രമീകരിച്ചതായും കഴിഞ്ഞദിവസം വിദേശകാര്യ ഓഫീസ് അറിയിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ തെറ്റാണ് ഈ മിസൈൽ ആക്രമണമെന്നും, ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യഹു പ്രതികരിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതാണ് യുകെയുടെ മുഖ്യലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രതിരോധ ഓഫീസ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങളിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.