ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റ വിസകളുടെ ദുരുപയോഗം തടയാനും അനധികൃതമായി തൊഴിലുകളിൽ ഏർപ്പെടുന്നത് തടയാനുമായി കർശന നടപടികളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിച്ച് ബ്രിട്ടീഷ് പൗരന്മാർക്കും നിലവിൽ രാജ്യത്തുണ്ടായിരിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.അനധികൃത തൊഴിലും വിസ ലംഘനവും ഇനി അനുവദിക്കില്ല. തൊഴിലവസരങ്ങൾ ആദ്യം നാട്ടുകാരുടെയും നിയമാനുസൃത കുടിയേറ്റക്കാരുടെയും അവകാശമാണ് എന്നും ഹോം സെക്രട്ടറി ഇവെറ്റ് കൂപ്പർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബ്രിട്ടനിലെ നിയമവിരുദ്ധ തൊഴിലാളികളെ നിയമിച്ചതിന്റെ പേരിൽ വൻ തിരിച്ചടി കിട്ടിയ ഒരു തൊഴിൽ രംഗം കെയർ സേവന മേഖല ആണ് . 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 10 സ്ഥാപനങ്ങൾക്ക് മാത്രം ചുമത്തിയ പിഴ 600,000 പൗണ്ട് ആണ് . ജേക്കോ റിക്രൂട്ട്മെന്റ് ലിമിറ്റഡിന് £105,000, ബാർചെസ്റ്റർ ഹെൽത്ത്‌കെയർ ലിമിറ്റഡിന് £60,000, ഫൗണ്ടൻ ലോഡ്ജ് കെയർ ഹോം ലിമിറ്റഡിനും എ & ബി ക്വാളിറ്റി കെയറിനും £45,000 വീതം പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . നിരവധി തൊഴിലാളികളെയാണ് അനധികൃത നിയമനത്തിന്റെ പേരിൽ പിടികൂടിയത്. നിയമം കൂടുതൽ കടുപ്പിച്ചതിനാൽ നിലവിൽ അനുമതിയില്ലാതെ തൊഴിലാളിയെ നിയമിക്കുന്നതിന് ആദ്യപ്രാവശ്യം £45,000 വരെയും വീണ്ടും ആവർത്തിച്ചാൽ £60,000 വരെ പിഴ അടയ്ക്കേണ്ടിവരും .


2022 മാർച്ച് മുതൽ 2024 മാർച്ച് വരെ ഹെൽത്ത്, സോഷ്യൽ കെയർ വിസകളിലൂടെ മാത്രം ഏകദേശം 1.85 ലക്ഷം പേരാണ് വിദേശത്ത് നിന്ന് ബ്രിട്ടനിലെത്തിയതായി വ്യവസായ നിരീക്ഷണ സ്ഥാപനമായ സ്കിൽ ഫോർ കെയർ പുറത്തിറക്കിയ കണക്ക് വ്യക്തമാക്കുന്നു.അതേസമയം, യൂണിസൺ നടത്തിയ സർവേ പ്രകാരം, കെയർ മേഖലയിൽ ജോലി ചെയ്യുന്ന 3,000-ത്തിലധികം കുടിയേറ്റ തൊഴിലാളികളിൽ നാലിലൊന്ന് പേർ അനധികൃത വിസാ ഫീസ് അടച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനകം 50 ശതമാനം അധിക റെയ്ഡുകളും അറസ്റ്റുകളും നടന്നു കഴിഞ്ഞതായി ഹോം സെക്രട്ടറി വ്യക്തമാക്കി. നിലവിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്കിരയായത്. അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുന്നതിനോടൊപ്പം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.