ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഗുരുതരമായ നിരീക്ഷണങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും രാജ്യത്തെ ജനങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ 50 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് സമീപവർഷത്തിൽ വളരെ മോശമായതായാണ് പഠനത്തിൽ വെളിപ്പെട്ടിരിക്കുന്നത്.
മയക്കുമരുന്ന്, അക്രമം എന്നിവയിൽ നിന്നുള്ള മരണനിരക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുകെ സമ്പന്ന ലോകത്തിലെ രോഗി എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ (LSHTM) അക്കാദമിക് വിദഗ്ധർ 22 രാജ്യങ്ങളിലെ ആരോഗ്യ-മരണ രീതികളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി, ഹെൽത്ത് ഫൗണ്ടേഷൻ തിങ്ക് ടാങ്ക് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ അടങ്ങിയിരിക്കുന്നത്. ക്യാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്നുള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പരിക്കുകൾ, അപകടങ്ങൾ, വിഷബാധ എന്നിവയിൽ നിന്നുള്ള മരണനിരക്ക് വർദ്ധിച്ചു. നിയമവിരുദ്ധ മയക്കുമരുന്നിന്റെ ഉപയോഗം വളരെ വർദ്ധിച്ചതായും റിപ്പോർട്ടിൽ ഉണ്ട്. ബ്രിട്ടൻ മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും പിന്നിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. മിക്ക സമ്പന്ന രാജ്യങ്ങളും മയക്കു മരുന്ന്, ആത്മഹത്യ, അക്രമം തുടങ്ങിയവയെ തുടർന്നുള്ള മരണനിരക്കിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണത്തിലെ വർദ്ധനവാണ് ഞെട്ടിപ്പിക്കുന്നത്. പഠന വിധേയമാക്കിയ മറ്റ് 21 രാജ്യങ്ങളുടെ ശരാശരിയേക്കാൾ ഇത്തരം മരണങ്ങൾ യുകെയിൽ മൂന്നിരട്ടി കൂടുതലാണ്. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് നമ്മൾക്ക് അവഗണിക്കാൻ കഴിയാത്ത വിവരങ്ങൾ അടങ്ങിയതാണെന്ന് ഹെൽത്ത് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെന്നിഫർ ഡിക്സൺ പറഞ്ഞു. സമ്പന്ന ലോകത്തിലെ പ്രത്യേകിച്ച് ജോലിചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ കാര്യത്തിൽ യുകെ രോഗിയായി മാറുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങൾ പല കാര്യങ്ങളിലും മുന്നോട്ടു പോയപ്പോൾ നാം വളരെ പിന്നിലായതായി അദ്ദേഹം പറഞ്ഞു. തങ്ങളുടെ കണ്ടെത്തലുകളിൽ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം ഇതുവരെ 50 വയസ്സ് തികയാത്തവർ മരിക്കാനുള്ള സാധ്യത ഒരു ദശാബ്ദത്തിലേറെ യുകെയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് LSHTM-ലെ ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഡേവിഡ് ലിയോൺ പറഞ്ഞു.
Leave a Reply