ന്യൂസ് ഡെസ്ക് മലയാളം യുകെ

ബന്ദികളാക്കിയിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിൻെറ ഭാഗമായി ഇസ്രായേലിനും ഗാസയ്ക്കും മുകളിലൂടെ നിരീക്ഷണ വിമാനങ്ങൾ പറത്താനൊരുങ്ങി യുകെ. ഈ വിമാനങ്ങളിൽ ആയുധങ്ങൾ ഉണ്ടായിരിക്കുകയില്ലെന്നും ബന്ദികളെ കണ്ടത്തുന്നതിന്, മാത്രമായിരിക്കും ഉപയോഗിക്കുക എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ബന്ദികളായവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അധികാരികളുമായി പങ്കുവയ്ക്കുക എന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലും ഗാസയും പങ്കിടുന്ന വ്യോമാതിർത്തിയിലൂടെയായിരിക്കും വിമാനം പറക്കുക. ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ പരിശ്രമിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്ക് എന്നും തങ്ങൾ ഏറ്റവും വലിയ മുൻഗണയാണ് നൽകുന്നതും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7-ൽ നടന്ന ആക്രമണത്തിന് പിന്നാലെ ഉടനെ തന്നെ യുകെ ഈസ്റ്റ് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് RAF വിമാനങ്ങളും റോയൽ നേവി കപ്പലുകളും അയച്ചിരുന്നു. യുദ്ധത്തിൽ നിന്ന് സാധാരക്കാരെ സംരക്ഷിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയത്. യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവൻ പൊലിയുന്നതും കമല ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.