ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്നിന്റെ ഉപയോഗം വ്യക്തിക്കും സമൂഹത്തിനും ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. എച്ച്ഐവി പോലുള്ള പല മാരകരോഗങ്ങളും പടർന്നു പിടിക്കുന്നതിന്റെ പ്രധാന കാരണം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ മൂലം കുതിച്ചുയരുന്ന മരണനിരക്ക് കുറയ്ക്കുന്നതിനായി ആദ്യത്തെ സുരക്ഷിത മയക്കുമരുന്ന് ഉപയോഗ മുറി ഒരു മാസത്തിനുള്ളിൽ യുകെയിൽ തുറക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. രാജ്യത്ത് ഇദംപ്രദമായി ആരംഭിക്കുന്ന ഈ സൗകര്യം ഗ്ലാസ്കോയിലാണ് നിലവിൽ വരുന്നത്.
2025 ന്റെ ആരംഭത്തിൽ നിലവിൽ വരുന്ന ഈ സൗകര്യം യുകെയുടെ മയക്കുമരുന്ന് നയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലാസ്കോ നഗരത്തിന്റെ കിഴക്കേ അറ്റത്തുള്ള ഹണ്ടർ സ്ട്രീറ്റിലാണ് സുരക്ഷിത മയക്കുമരുന്ന് ഉപയോഗ മുറി തുറക്കുന്നത്. ‘തിസിൽ ‘ എന്ന് പേരിട്ടിരിക്കുന്ന സൗകര്യം നിർമ്മാണ പരിശോധനകൾ വൈകിയതിനെ തുടർന്നാണ് ആരംഭിക്കാൻ താമസിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾക്കിടയിൽ എച്ച്ഐവി വ്യാപനം കൂടിയതിനെ തുടർന്നാണ് ഗ്ലാസ്കോയിൽ ഇങ്ങനെ ഒരു സൗകര്യം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ കൺസർവേറ്റീവുകളുടെ കീഴിലുള്ള മുൻ സർക്കാരിൻറെ ഹോം ഓഫീസ് ഈ ആവശ്യം ആവർത്തിച്ച് നിരസിക്കുകയായിരുന്നു. ഉത്തരം സേവനങ്ങൾ 1971 -ൽ പാസാക്കിയ മയക്കുമരുന്ന് ദുരുപയോഗ നിയമത്തിന് വിരുദ്ധമാകുമെന്നായിരുന്നു മുൻ സർക്കാരിൻറെ വാദം.
മയക്കുമരുന്ന് ഉപയോഗം മൂലമുള്ള ഓരോ മരണവും ആ വ്യക്തിക്കും അവരുടെ കുടുംബത്തിനും വിശാലമായ സമൂഹത്തിനും ഏൽപ്പിക്കുന്ന നഷ്ടം കടുത്തതാണെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ എച്ച്ഐവി പോലുള്ള മാരകരോഗങ്ങൾ പടർന്ന് പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു. യുകെയിൽ ഉടനീളം ഈ സൗകര്യങ്ങൾ തുറക്കാത്തത് ലജ്ജാകരമാണെന്ന് ഡ്രഗ്സ് ചാരിറ്റി റിലീസ് യുകെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നിയാം ഇൻസ്റ്റ്വുഡ് പറഞ്ഞു.
Leave a Reply