ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെപ്റ്റംബറിൽ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗാസയിലെ ജനങ്ങൾക്ക് സഹായ വിതരണം പുനരാരംഭിക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ കടുത്ത സമ്മർദ്ദമാണ് പ്രധാനമന്ത്രി നേരിടുന്നത്. സുസ്ഥിരമായ സമാധാനം പുനസ്ഥാപിക്കുന്നതിന് പാലസ്തീനെ ഒരു രാജ്യമായി ഇസ്രായേൽ അംഗീകരിക്കണമെന്ന അഭിപ്രായമുള്ളവർ ഭരണപക്ഷത്ത് തന്നെ ഒട്ടേറെയാണ്. കഴിഞ്ഞ ആഴ്ച ഫ്രാൻസ് സെപ്റ്റംബറിൽ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. G7 രാജ്യങ്ങളിൽ ഫ്രാൻസ് ആണ് ആദ്യമായി ഈ പിൻതുണ പ്രഖ്യാപിച്ചത്. സുരക്ഷിത ഇസ്രായേലിനൊപ്പം പരമാധികാരമുള്ള പാലസ്തീൻ എന്നതാണ് യുകയുടെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും ഇത് നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേന്നിരുന്നു. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത നടപടിയുമായി യുകെ മുന്നോട്ടുവന്നത്.
Leave a Reply