ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാമ്പത്തിക വളർച്ചയെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിദഗ്ധർക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് യുകെ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം പുറത്തിറക്കിയ Al ഓപ്പറേറ്റിംഗ് പ്ലാനിലാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്ക് അവസരം ഒരുക്കുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തിൽ Al മേഖലയിൽ ജോലി ചെയ്യുന്ന മികച്ച ടെക്നോളജി വിദഗ്ധരെ യുകെയിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ടെക് സംരംഭകനായ മാറ്റ് ക്ലിഫോർഡ് ആണ് സർക്കാരിനു വേണ്ടി പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. സ്റ്റാർട്ടപ്പുകളെയും വിദേശ പ്രതിഭകളെയും യുകെയിലേക്ക് താമസം മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വിസ ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ക്ലിഫോർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം കുടിയേറ്റം കുറയ്ക്കുന്നതിനായി വിസ നിയമങ്ങൾ കർശനമാക്കിയത് പല മേഖലകളെയും പ്രതികൂലമായി ബാധിച്ചതായും ആണ് വിലയിരുത്തപ്പെടുന്നത്. യുകെയിൽ ജോലി ചെയ്യുന്നതിനുള്ള വിദഗ്ധ തൊഴിലാളികളുടെ ശമ്പള പരുധി 38, 700 പൗണ്ട് ആയി ഉയർത്തിയിരുന്നു. ഇത് കൂടാതെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ കർശനമാക്കിയിരുന്നു. ഇതിൻറെ ഫലമായി 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള വിസ അപേക്ഷകൾ 2023 ലെ ഇതേ കാലയളവിൽ 942,500 ൽ നിന്ന് 547,000 ആയി കുറഞ്ഞുവെന്നാണ് യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്.


കൂടുതൽ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി വിസ നിയമങ്ങളുടെ അവലോകനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഈ വർഷാവസാനം ഒരു ഇമിഗ്രേഷൻ ധവളപത്രം പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞദിവസം ചാൻസിലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചത് ഇതിന് തുടർച്ചയായാണ്. ഏറ്റവും ഉയർന്ന വൈദഗ്ധ്യമുള്ള ആളുകൾ രാജ്യത്തെത്താനുള്ള ,പ്രത്യേകിച്ച് AI ,ലൈഫ് സയൻസസ് മേഖലകളിലെ വിസകൾ നൽകാനുള്ള നടപടിക്രമങ്ങൾ ഞങ്ങൾ വീണ്ടും പരിശോധിക്കും എന്ന് ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവേ ചാൻസിലർ പറഞ്ഞു. ഹോം ഓഫീസിന്റെ സ്കിൽഡ് വിസ സമ്പ്രദായ പ്രകാരം ബിസിനസുകൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാൻ ഇതിനകം തന്നെ കഴിയും. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പ്രധാന അപേക്ഷകരിൽ നിന്ന് സ്കിൽഡ് വർക്കർ വിസയ്ക്കായി 50,900 അപേക്ഷകൾ ലഭിച്ചിരുന്നുവെന്നാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.