ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്ത് എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രായം പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ പദ്ധതി ഇട്ട് യുകെ സർക്കാർ. അഭയകേന്ദ്രത്തിലേയ്ക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിനായി മുതിർന്നവർ കുട്ടികളായി നടിക്കുന്നത് തടയുന്നതിനാണ് ഈ നീക്കം സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ അനധികൃത കുടിയേറ്റക്കാരിൽ ചില മുതിർന്നവരെ കുട്ടികളായും ചില കുട്ടികളെ മുതിർന്നവരായും കണക്കാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിലവിൽ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ശാരീരിക രൂപവും ഇന്റർവ്യൂകളും വഴിയാണ് അനധികൃത കുടിയേറ്റക്കാരുടെ പ്രായം നിർണ്ണയിക്കുന്നത്. എന്നാൽ ഇതുവഴി കൃത്യമായ പ്രായം അറിയുക എന്നത് പ്രയാസമാണ്. അടുത്തിടെ ഇറങ്ങിയ റിപ്പോർട്ടിൽ 100 കേസുകളിൽ ആദ്യം മുതിർന്നവരായി അടയാളപ്പെടുത്തിയ 22 പേർ പിന്നീട് 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയതായി പറയുന്നു. ഇത്തരത്തിലുള്ള വീഴ്‌ചകൾ അപകടമരമാണ്.
നിരവധി മുഖചിത്രങ്ങൾ അടിസ്ഥാനമാക്കി ട്രെയിൻ ചെയ്തെടുത്ത എഐ മോഡലാണ് മുഖം കണ്ട് പ്രായം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. കത്തി പോലുള്ള വസ്തുക്കൾ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാൻ ബാങ്കുകളും ഓൺലൈൻ ഷോപ്പുകളും ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. 2026 ഓടെ ഈ സംവിധാനം ഉപയോഗിക്കാൻ ആവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രായം സ്ഥിരീകരിക്കാൻ അസ്ഥി, പല്ല് പരിശോധനകൾ മുൻ സർക്കാർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ എഐ സംവിധാനം ഉപയോഗിച്ച് ആളുകളെ മറ്റൊരിടത്ത് കൊണ്ടുവരാതെ അതിർത്തിയിൽ തന്നെ പ്രായം തിരിച്ചറിയാൻ സാധിക്കും.
Leave a Reply