ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടാറ്റാ സ്റ്റീലിന്റെ തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ജൂലൈ 8-ാം തീയതി പണിമുടക്ക് നടത്തുമെന്നാണ് യുകെ ട്രേഡ് യൂണിയൻ ആയ യുണൈറ്റഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പണിമുടക്ക് നടന്നിരുന്നെങ്കിൽ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യം ഉടലെടുക്കുമായിരുന്നു. കമ്പനിയിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം ഒഴിവായത് നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും ശുഭ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കൂടുതൽ നിക്ഷേപങ്ങളും നടത്തുന്നതിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണ് തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനു പിന്നിലെ കാരണമെന്നാണ് യുണൈറ്റഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. സൗത്ത് വെയിൽസിലെ സ്റ്റീൽ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി ശോഭനമാകുന്നതിനും തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനു മുള്ള പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലായാണ് സമരപ്രഖ്യാപനവും തുടർന്നുള്ള സംഭവവികാസങ്ങളുമെന്ന് യുണൈറ്റഡ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം അഭിപ്രായപ്പെട്ടു. ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സർവേകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടിയുടെ പിന്തുണയുള്ള യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് യുണൈറ്റഡ്. മാറിവരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിയാണ് പണിമുടക്കാനുള്ള ട്രേഡ് യൂണിയൻ നിലപാടിനു പിന്നിൽ . ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സെപ്റ്റംബർ അവസാനത്തോടെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ്.  ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ കമ്പനിയുടെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതിന് പഴി കേൾക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.