കനത്ത മഞ്ഞുവീഴ്ച്ചയും ഹിമക്കാറ്റും ബ്രിട്ടണിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെങ്കിലും ട്രെയിന്‍ കമ്പനികള്‍ക്ക് അത് നേട്ടമായി. സര്‍വീസ് വൈകിയതിലൂടെയും റദ്ദാക്കിയതിലൂടെയുമായി ദശലക്ഷകണക്കിന് പൗണ്ടാണ് നഷ്ടപരിഹാരമായി ട്രെയിന്‍ കമ്പനികള്‍ നേടിയെടുത്തത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ മാത്രം രണ്ട് ബില്യന്‍ പൗണ്ടാണ് നെറ്റ്‌വര്‍ക്ക് റെയില്‍ വിവിധ ട്രെയിന്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും ഹിമക്കാറ്റും മഞ്ഞുവീഴ്ച്ചയും ബ്രിട്ടണില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടാല്‍ വീണ്ടും ഇവരുടെ കീശ നിറയും.

ഒരു മിനിറ്റ് ട്രെയിന്‍ സര്‍വീസ് വൈകേണ്ടി വന്നാല്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അരമണിക്കൂര്‍ വൈകിയാല്‍ മാത്രമെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂ. അതും അപേക്ഷ നല്‍കി കാത്തിരിക്കണം. ട്രെയിന്‍ കമ്പനികള്‍ക്കാകട്ടെ നഷ്ടപരിഹാരം സ്വമേധയ കിട്ടും. ആറു വര്‍ഷത്തിനിടയില്‍ 187 ദശലക്ഷം പൗണ്ടാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍മന്ത്രിയും എംപിയുമായ ടിം ലോങ്ങ്ടണ്‍ പറഞ്ഞു. നഷ്ടപരിഹാര തുകക്ക് ട്രെയിന്‍ കമ്പനികള്‍ക്ക് അര്‍ഹതയില്ലെന്നും വീഴ്ച്ചകള്‍ക്ക് പണം നല്‍കുക എന്നത് അഴിമതിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് മഞ്ഞുവീഴ്ച്ച, കനത്ത കാറ്റോടുകൂടി മഴ, അതിശൈത്യം എന്നിവ ബ്രിട്ടണില്‍ തുടരും. ഇതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്നും, യാത്രാക്ലേശം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.