ന്യൂസ് ഡെസ്ക് മലയാളം യുകെ
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി മുന്നേറുന്നു . ഈ സാഹചര്യത്തിൽ ബ്രിട്ടീഷുകാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുകെ സൈന്യത്തെ അയയ്ക്കും. ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാൻ 600 യുകെ സൈനികരെ അയയ്ക്കാനാണ് പദ്ധതിയിടുന്നതെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ആഴ്ച വിദേശകാര്യമന്ത്രാലയം എല്ലാ ബ്രിട്ടീഷ് പൗരന്മാരും ഉടൻതന്നെ അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ അടിയന്തര നിർദേശം നൽകിയിരുന്നു. ഏകദേശം 4000 ബ്രിട്ടീഷ് പൗരന്മാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്ക്. ബ്രിട്ടീഷ് പൗരന്മാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുടെ സുരക്ഷയ്ക്കാണ് സർക്കാരിൻറെ പ്രഥമപരിഗണനയെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.
ഇതിനിടെ അഫ്ഗാനിസ്ഥാൻെറ മൂന്നിൽ രണ്ടു ഭാഗവും താലിബാൻ നിയന്ത്രണത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. താലിബാനും കൂടി പങ്കാളിത്തമുള്ള ഭരണ സംവിധാനം ഒത്തുതീർപ്പ് നിർദ്ദേശമായി അഫ്ഗാനിസ്ഥാൻ ഭരണകൂടം മുന്നോട്ട് വച്ചതായുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഗസ് നി കൂടി അധീനതയിലായതോടെ ഒരാഴ്ചയ്ക്കകം പിടിച്ചെടുത്ത പ്രവിശ്യ തലസ്ഥാനങ്ങളുടെ എണ്ണം പത്തായി. ഭരണസംവിധാനത്തിൻെറ ഭാഗമായി താലിബാൻ വരുന്നത് രാജ്യത്തെ ആഭ്യന്തര കലാപത്തിന് അറുതി വരുത്തുമെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കൂടുതൽ ദുരിത പൂർണ്ണമാകുമെന്ന ആശങ്കയാണ് പൊതുവേ പങ്കുവെയ്ക്കപ്പെടുന്നത്.
Leave a Reply