ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രോഗ വ്യാപനവും മരണനിരക്കും പിടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായ മാർഗം സാധ്യമായവർക്കെല്ലാം പ്രതിരോധകുത്തിവെയ്‌പ്പ് നൽകുക എന്നതാണെന്ന് ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാവർക്കും സമയത്ത് വാക്സിൻ ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വാക്സിൻ കയറ്റുമതിയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ശ്രമത്തിലായിരുന്നു ബോറിസ് ഗവണ്മെന്റ്. യൂറോപ്യൻ രാജ്യങ്ങളിൽ ഗവൺമെൻറിൻറെ ഫലപ്രദമായ ഇടപെടൽ മൂലം മരണനിരക്കും ലോക വ്യാപനവും ഏറ്റവും കുറഞ്ഞ രാജ്യമാണ് ബ്രിട്ടൻ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഫലപ്രദമായി തങ്ങളുടെ ജനതയ്ക്ക് വേണ്ടിയുള്ള വാക്സിനുകൾക്കായി കരാറിൽ ഏർപ്പെടാൻ സാധിക്കാത്തതിൻെറ പരിണിത ഫലമാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതൽ. വാക്സിൻ വിതരണത്തിലും കരാറിലേർപ്പെടാനുമായി ബ്രിട്ടൻ നടത്തിയ നീക്കങ്ങളെ പ്രശംസിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യതലവന്മാർ പൊതുവെ വൈമുഖ്യം കാണിക്കുന്നത് വാക്സിനു വേണ്ടി ശീതയുദ്ധം മുറുകുന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഫ്രാൻസും ജർമനിയും വാക്സിൻ കയറ്റുമതി നിരോധിക്കണമെന്ന അഭിപ്രായത്തെ പിൻതാങ്ങുമ്പോഴും അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമപരമായി യുകെ ഏർപ്പെട്ട വാക്‌സിൻ കരാറുകൾക്ക് എതിരായി പ്രവർത്തിക്കുന്നതിനെ അനുകൂലിക്കുന്നില്ല. യുകെയിലേയ്ക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾക്കെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശക്തമായ താക്കീത് നൽകിയിരുന്നു. അതിനെ തുടർന്ന് യുകെയും യൂറോപ്യൻ യൂണിയനും വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ കൈകോർക്കണമെന്ന് രണ്ടു പക്ഷവും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. ഇതിനിടയിൽ യുകെയുടെ അസ്ട്രസെനക്കയുമായുള്ള കരാർ യൂറോപ്യൻ യൂണിയൻെറ കരാറിനേക്കാൾ മെച്ചപ്പെട്ടതാണെന്ന പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രംഗത്തുവന്നു.
അതേസമയം വാക്സിൻ ലഭ്യതയിലെ അനശ്ചിതത്വം മുതിർന്ന പൗരന്മാർക്കുള്ള പ്രതിരോധകുത്തിവെയ്പ്പുകളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് മന്ദഗതിയിലാകുന്നതിനു മുൻപ് വാക്സിനായി ബുക്ക് ചെയ്യാൻ 50 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് യുകെ നിർദേശം നൽകിക്കഴിഞ്ഞു. ഏപ്രിൽ മുഴുവൻ യുകെയിലെ വാക്സിൻ വിതരണത്തിൽ മാന്ദ്യം ഉണ്ടാകുമെന്നാണ് എൻഎച്ച് എസിൻെറ ആശങ്ക.
Leave a Reply