ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വാഹന നിർമ്മാണം കുത്തനെ ഇടിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ബ്രിട്ടീഷ് കാർ, വാൻ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉത്പാദനം 1953 – ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. കോവിഡ് കാലഘട്ടത്തിൽ വ്യവസായം അടച്ചുപൂട്ടിയ സമയത്ത് ഒഴികെ ഇത്രയും മോശമായ സമയം ഉണ്ടായിട്ടില്ല.
ഈ വർഷം ജൂൺ വരെയുള്ള ആദ്യ 6 മാസങ്ങളിൽ കാർ ഉത്പാദനം 7.3 ശതമാനം ആയാണ് കുറഞ്ഞത്. വാൻ ഉത്പാദനം 45 ശതമാനം ആണ് കുറഞ്ഞത്. വൗഹാളിലെ ലൂട്ടൺ വാൻ പ്ലാന്റ് അടച്ചുപൂട്ടിയത് ആണ് വാൻ ഉത്പാദനം ഇത്രയും കുറയാൻ കാരണമായത്. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) യുടെ ഡേറ്റ ഈ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങൾക്ക് തെളിവാണ് . യുകെയിലെ കാർ വിപണിയുടെ പ്രധാന മാർക്കറ്റായ യുഎസ് ഏർപ്പെടുത്തിയ താരിഫ് നയം ആദ്യ പാദത്തിൽ ഉത്പാദനം കുറയാൻ കാരണമായി.
ഏന്നാൽ പുതിയതായി പ്രാബല്യത്തിൽ വന്ന യുഎസ്-യുകെ താരിഫ് കരാർ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് SMMT പറഞ്ഞു. അതേസമയം സർക്കാർ പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രിക് വാഹന (EV) ഗ്രാന്റുകൾ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SMMT ഇവി ഗ്രാന്റുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ പുതിയ സംവിധാനത്തിന് വ്യക്തതയില്ലെന്നും വ്യവസായവുമായി കൂടിയാലോചിക്കാതെ അവതരിപ്പിച്ചതാണെന്നും ഉള്ള വിമർശനം ശക്തമാണ്. മേയ് മാസത്തിൽ 27.5 ശതമാനത്തിൽ നിന്ന് 10 % ആയി താരിഫ് കുറയ്ക്കുന്നതിന് യുഎസുമായുള്ള കരാർ ജൂൺ 30 ന് പ്രാബല്യത്തിൽ വന്നു. അതുകൊണ്ട് ജൂണിൽ വാഹന ഉത്പാദനത്തിൽ ചെറിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply