ജനുവരി പകുതി വരെ സാധാരണ വിന്റര്‍ അനുഭവിച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് അതി ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുകയെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നും ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ അടുത്ത പതിപ്പ് രാജ്യത്ത് ആഞ്ഞടിക്കുമോ എന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇന്നുകൂടി ശരാശരി 9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിനു ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടായേക്കുമെന്നാണ് വിവരം.

ഇന്ന് രാത്രിയോടെ താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തണുത്ത കാറ്റ് എത്തും. ഈ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. തിങ്കളാഴ്ചയും തണുത്ത കാലാവസ്ഥ തുടരും. എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പിന്നീട് തണുത്ത കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് ചില ദിവസങ്ങളില്‍ തണുപ്പിന് ശമനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യം എത്തുമെന്നത് ഉറപ്പാണെങ്കിലും അത് എത്ര ദിവസത്തോളം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് സ്‌കൈ വെതര്‍ പ്രൊഡ്യൂസര്‍ ജോവാന റോബിന്‍സണ്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ എത്തുമെങ്കിലും അത് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയതായിരിക്കാന്‍ ഇടയില്ലെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. ജനുവരിയുടെ രണ്ടാം പകുതി തണുത്തതായിരിക്കുമെന്നും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. 21-ാം തിയതി ആരംഭിക്കുന്ന ആഴ്ചയില്‍ കടുത്ത ശൈത്യമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.