ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു.
ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു.
കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.
Leave a Reply