ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസൽ അനുഭവപ്പെടുന്ന സ്ത്രീകൾക്ക്, രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എംപിമാർ. കണക്കുകൾ അനുസരിച്ച് പ്രതിവർഷം 250,000 സ്ത്രീകൾക്ക് 24 ആഴ്ചയ്ക്ക് മുമ്പ് ഗർഭം അലസൽ അനുഭവപ്പെടാറുണ്ട്. ഈ ആവശ്യം മുന്നോട്ട് വരുന്ന സാഹചര്യത്തിൽ കോമൺസ് വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി ഈ നിയമം സ്ത്രീകൾക്കും അവരുടെ പങ്കാളികൾക്കും ഒരുപോലെ നൽകണമെന്നും ഇത് ഇരുവരെയും ഒരുപോലെ ബാധിക്കുമെന്നും അവകാശപ്പെട്ടു.
അഞ്ചിൽ ഒന്നിൽ കൂടുതൽ ഗർഭം അലസലിൽ അവസാനിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ അവകാശ ബില്ലിലെ മാറ്റങ്ങൾ മന്ത്രിമാർ അംഗീകരിക്കുകയാണെങ്കിൽ, ഗർഭം അലസുന്ന സ്ത്രീകൾക്ക് ഇനി സിക്ക് ലീവുകൾ എടുക്കേണ്ടിവരില്ല. ഇവർക്ക് ശമ്പളത്തോടു കൂടിയ ലീവുകൾ ലഭിക്കും. ഇതിൻെറ അടിസ്ഥാനത്തിൽ ഗർഭം അലസുന്നവർക്ക് ജനന സമയം കുട്ടികൾ മരിക്കുന്നവർക്ക് ലഭിക്കുന്ന അവധി അവകാശങ്ങൾ നൽകും.
മിസ്കാരേജ് അസോസിയേഷൻ്റെ സിഇഒ വിക്കി റോബിൻസൺ, ഏത് ഘട്ടത്തിലും ഗർഭം നഷ്ടപ്പെടുന്നതിൻ്റെ വിനാശകരമായ ആഘാതം ഊന്നിപ്പറഞ്ഞു. ഗർഭം അലസൽ ഒരു രോഗമല്ല, മറിച്ച് ഒരു വിയോഗമാണെന്ന് ഇവർ പറഞ്ഞു. 89% ആളുകളും ഗർഭം അലസലിനെ ഒരു വിയോഗമായി കാണുന്നുവെന്ന് കാണിക്കുന്ന കണക്കുകളും ഇവർ പുറത്ത് വിട്ടു. പുതിയ മാറ്റത്തിനെക്കുറിച്ചുള്ള അഭിപ്രായത്തിനായി വർക്സ് ആൻഡ് പെൻഷൻസ് വകുപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
Leave a Reply