ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ, ഉക്രൈന്‍ ഏത് നിമിഷവും ആക്രമിക്കാമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉക്രൈനിലുള്ള ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ച് കഴിഞ്ഞു. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും ബ്രിട്ടൻ അറിയിച്ചു. യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ല. ബ്രിട്ടീഷ് പൗരന്മാർ അടുത്ത 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ വിടണമെന്ന് സായുധ സേനാ മന്ത്രി ജെയിംസ് ഹീപ്പി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ മാസങ്ങളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ഒരു ലക്ഷത്തോളം സൈനികര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. ബ്രിട്ടന് സമാനമായ മുന്നറിയിപ്പ് അമേരിക്കയും നൽകി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനും തങ്ങളുടെ ഉക്രൈനിലുള്ള എംബസിയില്‍ നിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരോട് ഉക്രൈന്‍ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജപ്പാന്‍, ലാത്വിയ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളൂം ഉക്രെയിനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉക്രൈനിൽ പരിശീലനത്തിന് സഹായിക്കുന്ന ബ്രിട്ടീഷ് സൈനികരും വാരാന്ത്യത്തിൽ രാജ്യം വിടുമെന്ന് സർക്കാർ വ്യക്തമാക്കി.