ന്യൂസ് ഡെസ്ക്, മലയാളം യുകെ
2024 ഡിസംബർ മുതൽ, യുകെ വിസ അപേക്ഷകളിലെ സുരക്ഷ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സ്കിൽഡ് വർക്കർ അപേക്ഷകരുടെ അപേക്ഷകളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. 2025 മുതൽ, ക്രിമിനൽ റെക്കോർഡ് പരിശോധനകൾ കൂടുതൽ കർശനമാക്കും. മുൻ വർഷങ്ങളേക്കാൾ ‘വെരിഫിക്കേഷൻ’ കൂടുതൽ കർശനമാക്കും. 2024 ഡിസംബർ 11 മുതൽ, യുകെയിലെ സ്‌കിൽഡ് വർക്കർ വിസകൾക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകർ പങ്കാളികളുടെ രേഖകൾ ഉൾപ്പെടെ ഒരു വർഷമോ അതിൽ കൂടുതലോ താമസിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ക്രിമിനൽ റെക്കോർഡ് പരിശോധനകൾ നൽകണം. കുട്ടികളുമായി പ്രവർത്തിക്കുന്നവർക്കുള്ള, പുതിയ ഇന്റർനാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കറ്റ് (ICPC) സമഗ്രമായ പശ്ചാത്തല പരിശോധനകൾ ഉറപ്പാക്കുന്നുണ്ട്.
യുകെ സ്‌കിൽഡ് വർക്കർ വിസ തേടുന്ന ഇന്ത്യക്കാർക്ക്, ഈ മാറ്റം കൂടുതൽ പ്രതികൂലമായി ബാധിച്ചേക്കാം. നിരവധി ഇന്ത്യൻ അപേക്ഷകർ ജോലിക്കോ പഠനത്തിനോ വേണ്ടി ഒന്നിലധികം രാജ്യങ്ങളിൽ താമസിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് ഓരോ രാജ്യത്ത് നിന്നും ക്രിമിനൽ റെക്കോർഡ് പരിശോധനകൾ ശേഖരിക്കേണ്ടതായി വരും. ഇന്ത്യയിൽ മാത്രം ഇത് നല്ല കാലതാമസം നേരിടുന്ന പ്രക്രിയകളിൽ ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിലോ വിദ്യാഭ്യാസത്തിലോ ഉള്ളവരെ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം മാത്രമാണ് രേഖകകൾ നൽകുക.
Leave a Reply