ആഗോള ക്‌നാനായ സമൂഹത്തെ പ്രതിസന്ധിയിലും, ദുഃഖത്തിലുമാക്കി വത്തിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍. ചിക്കാഗോ സീറോ – മലബാര്‍ രൂപതയ്ക്ക്, ക്‌നാനായ ഇടവകയിലെ അംഗത്വത്തെ സംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശം തികച്ചും ഏകപക്ഷീയമായും, ക്‌നാനായ അംഗങ്ങളുടെ വികാരവും, അഭിമാനവും, തീക്ഷ്ണമായ സമുദായ സ്‌നേഹവും, ക്രിസ്തീയ വിശ്വാസവും കണക്കിലെടുക്കാതെയാണെന്നും ഈ തീരുമാനത്തെ ഒരിക്കലും ഒരുകാലത്തും ക്‌നാനായ സമൂഹത്തിന് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലായെന്ന് യോഗം നിസംശയം വിലയിരുത്തുകയുണ്ടായി. ആയതിനാല്‍ ഈ നിര്‍ദ്ദേശത്തെ പൂര്‍ണമായി നിരാകരിക്കുകയും അമേരിക്കയിലെ ക്‌നാനായ സമൂഹത്തിനും, കോട്ടയം അതിരൂപത നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടിനും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ജനുവരി മാസം ഇരുപതാം തീയതി യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുകെകെസിഎയുടെ അസാധാരണ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍ ഫാ. മാത്യു കട്ടിയാങ്കല്‍ നിലവിലത്തെ പ്രതിസന്ധികളെപ്പറ്റിയും കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട പ്രതിസന്ധികള്‍ എങ്ങനെ മറികടന്നുവെന്നും വിശദമായി സംസാരിച്ചു. വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും യുകെകെസിഎ നേതൃത്വവും രൂപതയുടെ ഇപ്പോഴത്തെ നിലപാടുകള്‍ വ്യക്തമാക്കി.
1980കളില്‍ അമേരിക്കയിലെ ക്‌നാനായ ചാപ്ലയന്‍സികള്‍ സ്ഥാപിതമായപ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് അമേരിക്കയിലെ ക്‌നാനായ സമൂഹം വളര്‍ന്നതും ക്‌നാനായ ഇടവകകളായി രൂപാന്തരപ്പെട്ടതും. ഇതിനു മുന്‍പും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയും പാലിക്കപ്പെടാതെയും തന്നെയാണ് ക്‌നാനായ സമൂഹം അമേരിക്കയില്‍ വളര്‍ന്നത്. അതിനാല്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും വിഘാതമാകുന്ന ഏത് തീരുമാനങ്ങളെയും എന്നും നിരാകരിച്ചുകൊണ്ട് മുന്നേറുമെന്നും അതിന് എന്ത് വിലയും കൊടുക്കുവാന്‍ സമുദായാംഗങ്ങള്‍ സന്നദ്ധമാണെന്നും ഒരേ് സ്വരത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി.
120ലധികം വരുന്ന യൂണിറ്റ് ഭാരവാഹികളും സമുദായാംഗങ്ങളും ഒരുമിച്ച് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ താഴെചേര്‍ക്കുന്നു.
1. റോമില്‍ നിന്നും സമീപകാലത്ത് ലഭിച്ച അമേരിക്കയിലെ ക്‌നാനായ ഇടവകാംഗത്വത്തെ സംബന്ധിച്ചുള്ള തീരുമാനം നിരാകരിച്ച് തള്ളിക്കളയുവാന്‍ തീരുമാനമെടുത്ത അഭിവന്ദ്യ പിതാക്കന്മാരുടെയും കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും മറ്റ് സംഘടനകളുടെയും തീരുമാനത്തെ പൂര്‍ണമായും യുകെയിലെ ക്‌നാനായ സമൂഹം പിന്തുണയ്ക്കുന്നു.
2. ഈ അവസരത്തില്‍ യുകെകെസിഎ നേതൃത്വം അതിരൂപതാ നേതൃത്വത്തോട് നിരന്തരമായി ബന്ധപ്പെടുകയും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും യുകെയിലെ ക്‌നാനായ സമൂഹത്തിന് യഥാസമയം ലഭ്യമാക്കുംവിധം പ്രവര്‍ത്തിക്കുകയും ചെയ്യണം.
3. യുകെയിലെ ക്‌നാനായ മിഷനുകളുടെ രൂപീകരണം, പ്രവര്‍ത്തനം മുതലായ കാര്യങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുവാനും എന്നാല്‍ ഇടവക രൂപീകരണത്തില്‍ ഇടവകയിലെ അംഗത്വത്തെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും നാം തയ്യാറല്ല എന്നും, ഇത് രേഖാമൂലം ബന്ധപ്പെട്ട സഭാനേതൃത്വങ്ങളെ അറിയിക്കുവാനും തീരുമാനിച്ചു.
4. ക്‌നാനായ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി നേരിടുന്നതിനായി (Kottayam-Syro malabar Rome) സഭാ നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിനും വ്യക്തമായ ആശയ രൂപീകരണം സാധ്യമാക്കുന്നതിനും അല്‍മായ നേതാക്കളും വൈദികരും അടങ്ങുന്ന ഒരു സ്ഥിരം സമിതിയെ രൂപീകരിച്ച് ചുമതലപ്പെടുത്തേണ്ടതാണ്.
5. റോമിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും ക്‌നാനായ സമുദായത്തിന്റെ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിന് അനുകൂലമായ തീരുമാനങ്ങള്‍ വരാത്തപക്ഷം, സ്വയം ഭരണാധികാരമുള്ള ഒരു സഭയായി നിലനില്‍ക്കാനുള്ള സംവിധാനത്തെപ്പറ്റി നാം ചിന്തിക്കേണ്ടതാണ്/ചിന്തിക്കണം.
6. ക്‌നാനായ സമുദായത്തിലെ അംഗത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ല, വംശശുദ്ധിയില്‍ കലര്‍പ്പ് ചേര്‍ക്കുന്നതിനും അനുവദിച്ചുകൂടാ. ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും ക്‌നാനായ പാരമ്പര്യം പാലിക്കുന്നവര്‍ക്ക് മാത്രമേ ക്‌നാനായ സമുദായത്തിലും ക്‌നാനായ ഇടവകകളിലും അംഗത്വം ഉണ്ടാകുകയുള്ളൂ.
7. ലോകത്തിലെവിടെയായാലും ക്‌നാനായക്കാരെല്ലാവരും കോട്ടയം രൂപതാധ്യക്ഷന്റെ നേതൃത്വത്തിന്‍ കീഴിലാകുന്ന ഒരു സംവിധാനം സംജാതമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കര്‍മ്മപരിപാടികളും സമയബന്ധിതമായി അതീവ തീക്ഷ്ണതയോടെ പ്രാവര്‍ത്തികമാക്കണമെന്നു ഈ യോഗം ആവശ്യപ്പെടുന്നു.
8. സമുദായ ബോധം തലമുറകളിലേക്ക് പകരുന്നതിനുള്ള പഠന-ഗവേഷണ വേദികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
9. ഈ അവസരത്തില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികളും അതിലൂടെ ക്‌നാനായ സമൂഹത്തിനാകമാനം നേരിട്ട വേദനയും ഉത്കണ്ഠയും റോമിനെ അറിയിക്കുന്നതിന് സഭാനേതൃത്വവുമായി ആലോചിക്കുവാന്‍ യുകെകെസിഎ നേതൃത്വത്തെ ചുമതലപ്പെടുത്തി.
10. യുകെയിലുള്ള കുടുംബങ്ങളിലെ മാതാപിതാക്കള്‍ അവരുടെ വളര്‍ന്നുവരുന്ന തലമുറയോട് ക്‌നാനായ സമൂഹത്തിന്റെ അസ്തിത്വവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ചു വിശദമായി പഠിപ്പിക്കേണ്ടതാണെന്നു യുകെകെസിവൈഎല്‍ നേതൃത്വം അഭിപ്രായപ്പെടുകയുണ്ടായി.
ലോക ക്‌നാനായ സമൂഹത്തെ ദുഃഖത്തിലാക്കി ചിക്കാഗോ രൂപതയിലെ ക്‌നാനായ അംഗത്വത്തെക്കുറിച്ച് റോമില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശം ദൂരവ്യാപകമായി മറ്റ് പ്രവാസി ക്‌നാനായ സമൂഹത്തിനിടയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചുരുങ്ങിയ സമയത്തിനുള്ളില്‍, ഏതാനും മണിക്കൂറുകള്‍കൊണ്ട്, സമുദായസ്‌നേഹവും തീവ്രതയും നെഞ്ചിലേറ്റി സ്വന്തം സമുദായത്തിന്റെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിന് ദൃഢപ്രതിജ്ഞയെടുത്ത് പ്രതികൂല കാലാവസ്ഥയിലും ഈ അസാധാരണ പൊതുയോഗത്തിലേക്ക് എത്തിച്ചേരുകയും, ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത ബഹുമാനപ്പെട്ട വൈദികര്‍ക്കും മറ്റ് സമുദായാംഗങ്ങള്‍ക്കും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിക്കുവേണ്ടിയുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ജനറല്‍ സെക്രട്ടറി അറിയിക്കുകയുണ്ടായി.
യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിക്കുവേണ്ടി
ബിജു ഏബ്രഹാം മടക്കക്കുഴി (പ്രസിഡന്റ്)
ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (സെക്രട്ടറി)
Leave a Reply