സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്‌ദി വർഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിലാകും പുരോഗമിക്കുക.
പുതുക്കിയ കലാമേള മാനുവൽ റീജിയണുകൾ വഴി അംഗ അസ്സോസിയേഷനുകളിലേക്ക് ഇതിനകം എത്തിച്ചു കഴിഞ്ഞതായി യുക്മ നാഷണൽ പ്രസിഡൻറും ദേശീയ കലാമേള ചെയർമാനുമായ മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോർഡിനേറ്ററുമായ അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. കേരളത്തിന് പുറത്തു നടക്കുന്ന മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന ഖ്യാതി ഇതിനകം നേടി കഴിഞ്ഞിട്ടുണ്ട് യുക്മ ദേശീയ കലാമേളകൾ. നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകൾ, ഒൻപത് റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ മികവുതെളിയിച്ചാണ് ദേശീയ കലാമേളയിൽ എത്തുന്നത്.
കലാകാരന്റെ ക്രീയാത്മകതക്കോ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനോ അതിർവരമ്പുകൾ സൃഷ്ടിക്കാതെ, പ്രായോഗീകത എന്ന ആശയം മുൻനിറുത്തി, യു കെ മലയാളികളുടെ കലാപരമായ കഴിവുകളുടെ വളർച്ചക്കും വികാസത്തിനും ഒരു വേദിയൊരുക്കുക എന്ന യുക്മ കലാമേളകളുടെ പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന വിധമാണ് പരിഷ്‌ക്കരിച്ച കലാമേള മാനുവൽ തയ്യാർ ചെയ്തിരിക്കുന്നതെന്ന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും ദേശീയ കലാമേള ജനറൽ കൺവീനറുമായ സാജൻ സത്യൻ പറഞ്ഞു. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാഡമി സംസ്ഥാന അവാർഡ് ജേതാവും, ശംഖുമുഖം ആർട്ട് മ്യൂസിയം ഡയറക്റ്ററുമായ ഡോ.അജിത്കുമാർ ജി ആണ് കലാമേള 2019 മാനുവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഈ വർഷത്തെ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് jmpsoftware.co.uk.
നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. രാവിലെ പത്തുമണിമുതൽ രാത്രി പത്തുമണിവരെ, അഞ്ചു സ്‌റ്റേജുകളിലായി നടക്കുന്ന മേളയിൽ, യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കാലാകാരന്മാരും കലാകാരികളും വേദിയിലെത്തും. മത്സരാർത്ഥികളും കുടുംബാംഗങ്ങളും കാണികളും വിപുലമായ സംഘാടക നിരയുമുൾപ്പെടെ അയ്യായിരത്തോളമാളുകൾ വന്നെത്തുന്ന, ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാംസ്ക്കാരിക ഒത്തുകൂടലിനായിരിക്കും നവംബർ രണ്ടിന് ചരിത്രനഗരമായ മാഞ്ചസ്റ്റർ സാക്ഷ്യംവഹിക്കുക.
യുക്മ ദേശീയ കലാമേള 2019 മാനുവൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കുക:-
Leave a Reply