ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പൊലീസ് സേനയിൽ 25 ശതമാനവും ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായുള്ള അടിസ്ഥാന മാർഗരേഖകളും നയങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് സാറ എവർഡ് കേസിനെ തുടർന്ന് തയ്യാറാക്കിയ ലേഡി എലിഷ് ആൻജിയോലിനിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കി . 2021ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വേൻ കൗസൻസ് യുവതിയെ തട്ടിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്‌തശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് നാല് വർഷങ്ങൾക്ക് ശേഷവും, സ്ത്രീകൾക്കെതിരെ ലൈംഗിക പ്രേരിത ആക്രമണങ്ങളെ തടയുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ഇത്തരം ആക്രമണങ്ങളുടെ ഡേറ്റാ ശേഖരണത്തിൽ വലിയ കുറവുണ്ടെന്നും, അത് ഇല്ലാതെ കുറ്റകൃത്യങ്ങളുടെ മാതൃകകൾ കണ്ടെത്താനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024ൽ പ്രസിദ്ധീകരിച്ച ആദ്യഘട്ട റിപ്പോർട്ട് പൊലീസിന് എല്ലാ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഇന്ഡിസന്റ് എക്‌സ്‌പോഷർ പോലുള്ള ‘നോൺ-കോൺടാക്റ്റ്’ കുറ്റങ്ങൾ വരെ അന്വേഷിക്കാൻ പ്രത്യേക നയം ഒരുക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട് . എന്നാൽ ഈ വർഷം സെപ്റ്റംബർ വരെയും 26 ശതമാനം പൊലീസ് സേനകൾക്കും ഈ നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദേശീയ പൊലീസ് മേധാവികളുടെ കൗൺസിൽ നയരേഖകൾ തയ്യാറാക്കിയെങ്കിലും പല സേനകളും നിലവിലെ നയങ്ങൾ അവലോകനം ചെയ്യുന്ന ഘട്ടത്തിലാണ്. ഇതോടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം യാഥാർത്ഥ്യത്തിൽ ഒരു ദേശീയ മുൻഗണനയായി പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്ക റിപ്പോർട്ടിൽ ഉയർന്നിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ മുൻ‌കൂട്ടി തടയുന്നതിനും വ്യക്തമായ നിരവധി മാർഗനിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടു വെക്കുന്നുണ്ട് . പ്രോജക്ട് വിജിലന്റ്, ഓപ്പറേഷൻ സോട്ടീരിയ തുടങ്ങിയ മാതൃകാപരമായ പദ്ധതികളെ രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്നും ശുപാർശയുണ്ട്. തെയിംസ് വാലി പൊലീസ് ആരംഭിച്ച പ്രോജക്ട് വിജിലന്റ്, രാത്രികാലങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിടുന്ന അക്രമികളുടെ പെരുമാറ്റം മുൻകൂട്ടി കണ്ടെത്തി തടയുന്നതിന് രൂപപ്പെടുത്തിയ പദ്ധതിയാണ്. ഓപ്പറേഷൻ സോട്ടീരിയ, ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക കേസുകളുടെ അന്വേഷണം പ്രതികരണവും മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പുനഃസംഘടനാപദ്ധതിയാണ്. സാറ എവർഡിന്റെയും 2022ൽ ലണ്ടനിൽ കൊല്ലപ്പെട്ട സാറ അലീനയുടെയും കുടുംബങ്ങൾ ഈ അന്വേഷണ റിപ്പോർട്ട് മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാൻ സർക്കാരും പൊലീസും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെടുന്നു.