ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്‌ളാഡിമിർ പുടിൻ ഉയർത്തുന്ന ഭീഷണി മനസ്സിലാക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടതിൻെറ വിലയാണ് ഉക്രെയ്ൻ കൊടുക്കേണ്ടി വന്നത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഉക്രെയ്നിൻെറ പ്രതിരോധശക്തി കുറച്ചു കണ്ടത് വഴി റഷ്യൻ അധിനിവേശം ഇതിനോടകം പരാജയപ്പെട്ടുവെന്ന് ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. 2014-ൽ ക്രിമിയ പിടിച്ചടക്കിയതിന് ശേഷം പുടിനെ വീണ്ടും സമൂഹത്തിൻെറ ഭാഗമായി യൂറോപ്യൻ രാജ്യങ്ങൾ കണക്കാക്കിയതിനെ അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൗദി അറേബ്യ സന്ദർശിക്കുകയും ഊർജ്ജ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതിന് പിന്നാലെയാണിത്. പാശ്ചാത്യരാജ്യങ്ങൾ ഇനിയൊരിക്കലും പുടിൻെറ ഭീഷണിക്ക് ഇരയാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും പ്രത്യേകിച്ച് റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കേണ്ടി വരികയില്ല എന്നും ഉറപ്പുവരുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഒന്നേ മുക്കാൽ മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നും ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിനുമായി യുകെയും സൗദി അറേബ്യയും സഹകരിക്കാൻ തീരുമാനിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിരോധം, സുരക്ഷ, വ്യാപാരം, സംസ്കാരം എന്നിവയിൽ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി വക്താവ് കൂട്ടിച്ചേർത്തു. എന്നാൽ സൗദി സർക്കാരിന്റെ മനുഷ്യാവകാശ രേഖയുടെ പേരിൽ സന്ദർശനം റദ്ദാക്കണമെന്ന് നിരവധി എംപിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മാത്രമായി 81 പേരെയാണ് സൗദി സർക്കാർ വധിച്ചത്. എന്നാൽ ഇതിന് നേരെ താൻ കണ്ണടച്ചിട്ടില്ലെന്നും രാജ്യത്തെ ഉദ്യോഗസ്ഥരെ ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Leave a Reply