ന്യൂസ് ഡെസ്ക് മലയാളം യുകെ
യുക്രൈൻ – റഷ്യ യുദ്ധം പുതിയ വ്യത്യസ്തമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് നാറ്റോ സഖ്യകക്ഷികളുടെ യോഗത്തിൽ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. ഇപ്പോൾ റഷ്യയെ കേന്ദ്രീകരിച്ചുള്ള കൂടുതൽ ആക്രമണം ഉണ്ടെന്നും യുക്രൈയിന് പുതിയ ഉപകരണങ്ങൾ നൽകാൻ സമ്മതിച്ചതായും ട്രസ് പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും യുക്രൈനിന് എതിരായുള്ള യുദ്ധത്തിൽ പുടിൻ തോൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കൂടുതൽ സൈനിക സഹായം ലഭിച്ചില്ലെങ്കിൽ ഇനിയും ക്രൂരതകൾ തുടരുമെന്ന് യുക്രൈൻ നേരത്തെ അറിയിച്ചിരുന്നു. പുടിൻ തൻെറ തന്ത്രങ്ങൾക്ക് മാറ്റം വരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശത്തിനു യാതൊരു മാറ്റവും സംഭവിച്ചില്ലെന്നും യുക്രൈൻെറ മുഴുവൻ മേൽ ഒരു നിയന്ത്രണമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ബ്രസ്സൽസിൽ നടന്ന യോഗത്തിന് ശേഷം സംസാരിച്ച ട്രസ് പറഞ്ഞു. യുകെയിൽ നിന്നുള്ള ആയുധ വിതരണം വേഗത്തിലാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നാൽ ഇതിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത് എന്നതിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. യുക്രൈനിൽ നിന്ന് പാലായനം ചെയ്യുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുന്നതിന് യുകെ 30 മില്യൺ പൗണ്ട് കൂടി പോളണ്ടിനെ അയക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതിനെ പിന്നാലെയാണ് ഈ വാഗ്‌ദാനം.
നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും സഖ്യകക്ഷികൾക്ക് സൈനിക ഉപകരണങ്ങൾ നൽകാൻ കൂടുതൽ സഹായം ചെയ്യാൻ തയ്യാറാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. കഴിയുന്നത്ര സഹായം വളരെ വേഗത്തിൽ തന്നെ ഉണ്ടാകണമെന്ന ആവശ്യം നാറ്റോ മീറ്റിംഗിൽ സംസാരിച്ച ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. അതേസമയം യുക്രെയിനിലേക്ക് ആയുധങ്ങൾ കടത്തുന്നത് സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പുനൽകി. യുക്രൈൻ നാറ്റോയുടെ ഭാഗമല്ലെങ്കിലും അതിലെ അംഗങ്ങളിൽ നിന്ന് സൈനിക സഹായം സ്വീകരിക്കുന്നുണ്ട്. ഇതുവരെ യുകെ ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളാണ് സൈനിക സഹായം നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് 800 മില്യൺ പൗണ്ടും യുഎസിൽ നിന്നുള്ള 1.3 ബില്യൻ പൗണ്ടും ഇതിലുൾപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ആയുധങ്ങളും വെടി മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും ടാങ്ക് വിരുദ്ധ മിസൈലുകളും യുക്രൈന് ലഭിച്ചിട്ടുണ്ട്.
Leave a Reply