ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യുകെയിലെ ആദ്യ ചന്ദ്ര റോവർ 2021ൽ ചന്ദ്രനിലേക്ക് യാത്രതിരിക്കും. ചന്ദ്ര ഉപരിതലത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താനായാണ് ഈ റോവർ വിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഈ റോവറിന് ചക്രങ്ങൾക്ക് പകരം ചിലന്തിയുടേതിന് സമാനമായ കാലുകളായിരിക്കും. ഭാവിയിലെ പല പദ്ധതികൾക്കും പഠനങ്ങൾക്കും ഇത് സഹായകരമാവുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. യുകെ സ്റ്റാർട്ട്-അപ്പ് ബഹിരാകാശ കമ്പനിയായ സ്പേസ്ബിറ്റ് ആണ് റോവർ രൂപകൽപന ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” എല്ലാ മനുഷ്യർക്കും ചന്ദ്രനിൽ പോയി പര്യവേഷണം ചെയ്യാൻ സാധിക്കുമോ എന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്”.  സ്‌പേയ്‌സ്ബിറ്റ് സ്ഥാപകൻ പാവ്‌ലോ തനാസുക് പറഞ്ഞു.  ചക്രങ്ങൾക്ക് പകരം കാലുകൾ നൽകിയത് ഒരു മനുഷ്യരൂപം വരാനാണ്. നാല് കാലുകളുള്ള റോവറിന് 1.5 കിലോഗ്രാം മാത്രമാണ് ഭാരം. ആസ്ട്രോബോട്ടിക്ക്സിന്റെ പെരെഗ്രിൻ ലാൻഡറിനുള്ളിലേറിയാണ് റോവർ ചന്ദ്രോപരിതലത്തേക്ക് യാത്രയാവുന്നത്. ചന്ദ്രോപരിതലത്തിലൂടെ ഇഴഞ്ഞു നീങ്ങി വിവരങ്ങൾ ശേഖരിച്ച് ലാൻഡറിലേക്ക് അയക്കും. അതുവഴിയാണ് ഭൂമിയിലേക്ക് വിവരങ്ങൾ എത്തുക. ക്യാമറയും സെൻസറും റോവറിൽ ഘടിപ്പിച്ചിട്ടുണ്ട്.

ലാവ ട്യൂബുകളെപ്പറ്റിയും പഠനം നടത്താൻ റോവറിന് കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ചന്ദ്ര ലാൻഡറുകൾ നിർമ്മിക്കുന്നതിന് ആസ്ട്രോബോട്ടിക്കും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കും ധനസഹായം നൽകിയതായി മെയ് മാസത്തിൽ നാസ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി വിജയിച്ചാൽ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ റോവർ എത്തിക്കുന്ന നാലാമത്തെ രാജ്യമാവും യുകെ.