ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ 70 വയസ്സ് പിന്നിടുന്ന ഡ്രൈവർമാർക്കായി പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ഒക്ടോബർ 1, 2025 മുതൽ പ്രാബല്യത്തിൽ വന്നു . മുതിർന്നവരുടെ സ്വാതന്ത്ര്യം എടുത്തുകളയുക എന്നതല്ല ലക്ഷ്യമെന്നും പകരം റോഡ് സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമമെന്നും സർക്കാർ വ്യക്തമാക്കി. പ്രായം കൂടുന്നതനുസരിച്ച് കാഴ്ചശക്തി കുറയുക, ആരോഗ്യ പ്രശ്നങ്ങൾ, പ്രതികരണ വേഗം കുറയുക തുടങ്ങിയ കാര്യങ്ങൾ സുരക്ഷിത ഡ്രൈവിംഗിനെ ബാധിക്കുന്നുവെന്നതാണ് മാറ്റങ്ങൾക്ക് പിന്നിലെ കാരണം.
ഇപ്പോൾ വരെ 70 വയസ്സ് എത്തിയാൽ ലൈസൻസ് സ്വയം കാലഹരണപ്പെടുകയും, അത് വീണ്ടും മൂന്ന് വർഷത്തേക്ക് സൗജന്യമായി പുതുക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം കണ്ണിന്റെ പരിശോധനയുടെ തെളിവ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിശദമായ വെളിപ്പെടുത്തലുകൾ ആവശ്യമായിരിക്കും. ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ലൈസൻസ് ഒരു വർഷത്തേക്ക് മാത്രമേ ലഭിക്കൂ. ബന്ധപ്പെട്ട രോഗാവസ്ഥകൾ (ഡിമെൻഷ്യ, ഡയബിറ്റീസ്, എപ്പിലപ്സി, പാർക്കിൻസൺസ് തുടങ്ങിയവ) മറച്ചുവയ്ക്കുന്നത് £1,000 വരെ പിഴയോ നിയമ നടപടികളോ വിളിച്ചുവരുത്തും.
മുതിർന്ന ഡ്രൈവർമാർക്ക് പുതിയ നിയമങ്ങൾ കൂടുതൽ കടുപ്പമെന്ന് തോന്നിയാലും അത് സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചില റോഡ് സുരക്ഷാ സംഘടനകൾ പുതുക്കലിനെ സ്വാഗതം ചെയ്തു . എന്നാൽ ചില മുതിർന്നവരുടെ സംഘടനകൾ അത് പ്രായാധിക്യമുള്ളവരോട് വിവേചനം കാണിക്കുന്നതാണെന്ന വിമർശനം ഉന്നയിച്ചു .
Leave a Reply