ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വാരാന്ത്യത്തിലുള്ള അവശ്യസാധനങ്ങളുടെ ബില്ല് കൂടുതൽ ബുദ്ധിമുട്ടിച്ചത് ബ്രിട്ടനിലെ പാവപ്പെട്ടവരെ ആണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രീമിയം ബ്രാൻഡുകളെക്കാൾ സാധാരണ ബ്രാൻഡുകൾക്ക് കൂടുതൽ വില വർദ്ധനവ് അനുഭവപ്പെട്ടതാണ് ഇതിന് കാരണം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് (ഐഎഫ്എസ്) നടത്തിയ പഠനത്തിൽ, 2021-23 കാലയളവിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള സാധാരണക്കാരായ വീട്ടുകാരെയാണ് പണപ്പെരുപ്പം ഏറ്റവും കാര്യമായ രീതിയിൽ ബാധിച്ചത്. പാൽ, പാസ്ത ബട്ടർ തുടങ്ങിയ വിഭാഗങ്ങളിലെ കുറഞ്ഞ ബ്രാൻഡുകൾക്ക് 36% വിലവർധനവാണ് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള രണ്ടു വർഷത്തിനിടെ ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതേ വസ്തുക്കളുടെ വില കൂടിയ ബ്രാൻഡുകൾക്ക് 16% വില വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് -19 ലോക്ക്ഡൗൺ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം എന്നിവ മൂലം പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിച്ച രണ്ടു വർഷത്തെ കാലയളവാണ് പഠന റിപ്പോർട്ട് പരിഗണിച്ചിരിക്കുന്നത്. 2021 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനുമിടയിൽ മൊത്തത്തിലുള്ള സാധനങ്ങളുടെ വിലകൾ 15.7% വർദ്ധിക്കുകയും, ഭക്ഷണ പാനീയങ്ങളുടെ വില 28.4% വർദ്ധിക്കുകയും ചെയ്തിരുന്നു. വാർഷിക പണപ്പെരുപ്പ നിരക്ക് 2022 ഒക്ടോബറിൽ, നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 11.1% ആയി ഉയർന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും കുറഞ്ഞ്, കഴിഞ്ഞ രണ്ടുമാസമായി സർക്കാരിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിൽ പണപ്പെരുപ്പ നിരക്ക് എത്തിനിൽക്കുന്നത് ആശ്വാസകരമാണ്. വാർഷിക ഭക്ഷ്യവിലപ്പെരുപ്പം 1.3 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. എന്നാൽ പണപ്പെരുപ്പ നിരക്കുകൾ വീണ്ടും ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.
സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ബജറ്റ് ലൈനിൽ ഉള്ള സാധനങ്ങൾ അപ്രത്യക്ഷമായതായും, ഇത് സാധാരണക്കാർക്ക് താങ്ങാൻ ആവാത്ത സാഹചര്യങ്ങളിലേക്ക് എത്തിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത് അവരുടെ ഭക്ഷണ ബില്ലുകൾ വർദ്ധിപ്പിക്കുകയും പട്ടിണിയും ദാരിദ്ര്യവും വർദ്ധിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട് അടിവരയിട്ട് ചൂണ്ടി കാട്ടുന്നു. ഇത് ബ്രിട്ടനിലെ മാത്രം സാഹചര്യമല്ലെന്നും, പല രാജ്യങ്ങളിലും കോവിഡിന് ശേഷം ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ ഭക്ഷണപാനീയങ്ങൾ, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില കുറഞ്ഞ ബ്രാൻഡുകളെ പ്രീമിയം ബ്രാൻഡുകളും ആയുള്ള താരതമ്യമാണ് പ്രധാനമായും നടത്തിയിരിക്കുന്നത്.
Leave a Reply