ന്യൂസ് ഡെസ്ക്, മലയാളം യുകെ

അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കർദ്ദിനാൾ നിക്കോൾസ്. യുകെയിലെ ഏറ്റവും മുതിർന്ന കത്തോലിക്കാ ബിഷപ്പാണ് കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. തൻെറ സഭാംഗങ്ങൾക്കായി കർദ്ദിനാൾ എഴുതിയ ഇടയ ലേഖനത്തിൽ പുതിയ നിയമം ആരോഗ്യ പ്രവർത്തകരെ “പരിചരിക്കാനുള്ള കടമ” എന്നതിൽ നിന്ന് “ജീവനെടുക്കുന്ന തൊഴിലേയ്ക്ക്” മാറ്റുമെന്ന് അദ്ദേഹം പറയുന്നു. അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ഒരു സ്വകാര്യ ബിൽ ലേബർ എംപി കിം ലീഡ്ബീറ്റർ അവതരിപ്പിക്കാൻ ഇരിക്കെയാണ് കർദ്ദിനാളിൻെറ ഈ ഇടപെടൽ. പുതിയ ബില്ലിൻെറ വോട്ടെടുപ്പ് നവംബർ 29-നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമായ രാജ്യങ്ങളിൽ, കാലക്രമേണ അതിൻ്റെ ഉപയോഗം കൂടിയതായി കർദ്ദിനാൾ ചൂണ്ടിക്കാട്ടി. അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിലെ മാറ്റങ്ങൾ മാരക രോഗങ്ങൾ ബാധിച്ചവർക്ക് അവരുടെ കുടുംബത്തിൻ്റെ ഭാരം ലഘൂകരിക്കാനോ സാമ്പത്തിക കാരണങ്ങളാലോ ജീവിതം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് കർദിനാൾ പറയുന്നു. ആരോഗ്യ മേഖല ഒരിക്കലും ഇതിന് മാർഗ്ഗം ആയിരിക്കരുത്   എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച നിലവിലെ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും നിലവിലെ നിയമം ക്രൂരമാണെന്നും ലേബർ എംപി കിം ലീഡ്ബീറ്റർ വിമർശിച്ചു. നിയമ മാറ്റത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി കെയർ സ്റ്റാർമർ, തൻ്റെ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ പ്രതിജ്ഞ നിറവേറ്റിക്കൊണ്ട്, ഈ വിഷയത്തിൽ പാർലമെൻ്ററി ചർച്ചയും സ്വതന്ത്ര വോട്ടും അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തു.

മാരകരോഗമുള്ള വ്യക്തികൾക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും മാന്യമായ മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുള്ള അഭിഭാഷകർ വാദിക്കുന്നത്. നിലവിൽ, ആരെയെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാണ്. ഇതിനു പുറമേ ഇത് 4 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യം കൂടിയാണ്. 2015-ൽ സമാനമായ ബിൽ പാസാക്കുന്നത് പരാജയപ്പെട്ടതിന് ശേഷമുള്ള അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ആദ്യത്തെ പാർലമെൻ്ററി ചർച്ചയാണ് ഇനി നടക്കാൻ പോകുന്നത്.