ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പ്രതിഫലം ഇല്ലാതെ കെയറർ ചുമതല നിർവഹിക്കുന്ന ഒരു ദശലക്ഷം പേർക്ക് കൂടുതൽ പിന്തുണ അനിവാര്യമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദാരിദ്ര്യ പശ്ചാത്തലത്തിൽ നിന്നുള്ള മൂന്ന് പേരിൽ ഒരാളെങ്കിലും പരിചരണ ബാധ്യത മൂലം ജോലി ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യമാണെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പുറത്തുവിട്ട പഠനത്തിൽ കണ്ടെത്തി. വാർദ്ധക്യമാകുന്നവരുടെ എണ്ണം കൂടുന്നതും ദാരിദ്ര്യമേഖലകളിൽ രോഗങ്ങളും വൈകല്യങ്ങളും വർധിക്കുന്നതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ പ്രായം കൂടുതലുള്ളവരിൽ മൂന്നിൽ ഒരാൾക്ക് വൈകല്യമുണ്ടെന്നതും, സമ്പന്ന വിഭാഗങ്ങളിൽ ഇത് അഞ്ചിൽ ഒരാളിൽ താഴെയാണെന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരിമിത വരുമാനമുള്ള വീടുകളിൽ, ആഴ്ചയിൽ 35 മണിക്കൂറിലധികം പരിചരണ ചുമതല വഹിക്കുന്ന ഒരു മില്യൺ പേരുണ്ടെന്നും ഇത് മുഴുവൻ സമയ ജോലിയ്ക്ക് തുല്യമാണെന്നും പഠനം വ്യക്തമാക്കി. “ബ്രിട്ടൻ കൂടുതൽ പ്രായമേറുകയും രോഗബാധിതവുമാകുകയാണെന്നും ഇതിന്റെ ആഘാതം ദാരിദ്ര്യത്തിലിരിക്കുന്ന കുടുംബങ്ങളിലാണ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നതെന്നും റെസല്യൂഷൻ ഫൗണ്ടേഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ബ്രൂവർ പറഞ്ഞു. എന്നാൽ പ്രതിഫലം ഇല്ലാത്ത പരിചരണത്തിന്റെ ആവശ്യകത രാഷ്ട്രീയ ചർച്ചകളിൽ അവഗണിക്കപ്പെടുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

പരിചാരകർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് മനസ്സിലാക്കുന്നുണ്ടെന്നും, കെയറേഴ്സ് അലവൻസ് വരുമാനപരിധി ഇതുവരെ കണ്ട ഏറ്റവും വലിയ തോതിൽ ഉയർത്തിയിട്ടുണ്ടെന്നും ആണ് പ്രസ്തുത വിഷയത്തിൽ സർക്കാർ വക്താവ് പ്രതികരിച്ചത്, കൂടാതെ ‘ബെറ്റർ കെയർ ഫണ്ട്’ വഴി ഇടയ്ക്കുള്ള വിശ്രമം ഉൾപ്പെടെയുള്ള പിന്തുണയും ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. അതേസമയം, 2024ൽ പുറത്തുവന്ന ഒരു മാധ്യമ റിപ്പോർട്ടിൽ ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അവർക്ക് ലഭിച്ച അലവൻസ് അധികമായതിന് നോട്ടീസ് ലഭിച്ചതായും ഈ പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം പരാജയപ്പെട്ടതായും വെളിപ്പെടുത്തപെട്ടിരുന്നു . ഇതിന്റെ തുടർച്ചയായി 2.62 ലക്ഷം പേരിൽ നിന്ന് £325 മില്യണിലധികം തിരികെ പിരിച്ചെടുക്കുകയും 600 പേരെ കേസെടുത്ത് കുറ്റവാളികളാക്കുകയും ചെയ്തതായി നാഷണൽ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലേബർ പാർട്ടി അലവൻസ് സംബന്ധിച്ച് സ്വതന്ത്ര പരിശോധന ആരംഭിക്കുകയും വരുമാന പരിധി ഉയർത്തുകയും ചെയ്തു. എന്നാൽ ഈ വരുമാന പരിധിയും നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യമല്ലെന്ന വിമർശനമാണ് ഉയർന്ന് വരുന്നത്.











Leave a Reply