ബിന്‍സു ജോണ്‍ 

ലെസ്റ്റര്‍ : ലോകമെമ്പാടുമുള്ള മാനവരാശിയെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കോവിഡ് 19 വൈറസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ലോക്ക്ഡൗൺ, യാത്രാ വിലക്കുകൾ, ഐസൊലേഷൻ തുടങ്ങി പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഈ രോഗാണുവിന്റെ പകർച്ച തടയാൻ ലോകരാജ്യങ്ങൾ പെടാപ്പാട് തുടരുന്നു. എന്നാൽ കൊറോണ ഭീതിയിൽ നിന്നൊരു മുക്തി എന്ന സ്വപ്നം ഇപ്പോഴും വളരെ അകലെത്തന്നെയാണ്. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ഈ രോഗത്തിന്റെ പിടിയിൽ തന്നെയാണുള്ളത്.

കൊറോണ ബാധയെ തടഞ്ഞു നിർത്താൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇനിയും പൂർണ്ണവിജയം കണ്ടെത്തിയിട്ടില്ല. എങ്കിൽ പോലും അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ആളുകളുടെ സ്വദേശത്തേക്കുള്ള പലായനം ലോകജനത കണ്ണീരോടെയാണ്‌ നോക്കികാണുന്നത്.

അത്രയുമില്ലെങ്കിലും വിവിധ രാജ്യങ്ങളിൽ പ്രവാസികളായി അകപ്പെട്ടിരിക്കുന്നവരുടെ അവസ്ഥയും ദയനീയമാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെ പോലുള്ളയിടങ്ങളിൽ പഠനാവശ്യാർത്ഥം എത്തിച്ചേർന്ന വിദ്യാർത്ഥികളുടെ അവസ്ഥയും ദുരിതക്കയത്തിലാണ്. ലണ്ടൻ പോലുള്ള മഹാനഗരങ്ങളിൽ ആവശ്യത്തിന് ഭക്ഷണമോ മരുന്നോ താമസസൗകര്യമോ ഇല്ലാതെ കഷ്ടപ്പെടുകയാണ് ഈ വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും. യൂണിവേഴ്സിറ്റികളിലെ പഠനത്തോടൊപ്പം ഇവിടങ്ങളിലെ പബ്ബുകളിലും റസ്റ്റോറന്റുകളിലും സൂപ്പർമാർക്കറ്റുകളിലും കെയർ ഹോമുകളിലും അഹോരാത്രം പണിയെടുത്തായിരുന്നു ഈ വിദ്യാർത്ഥികൾ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ക് ഡൗൺ കരിനിഴൽ വീഴ്ത്തിയത് ഇവരുടെ ജീവിതത്തിൽ കൂടിയായിരുന്നു. പഠിക്കുന്ന യൂണിവേഴ്‌സിറ്റിയും തൊഴിൽ ചെയ്തിരുന്ന സ്ഥാപനങ്ങളും പൂട്ടിയതോടെ ഇവർ എന്ത്‌ ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി. എല്ലാ രാജ്യങ്ങളും വിമാനസർവീസുകൾ നിർത്തി വയ്ക്കുക കൂടി ചെയ്തതോടെ ഇവർ ശരിക്കും ത്രിശങ്കു സ്വർഗ്ഗത്തിലാണ് അകപ്പെട്ടത്. സ്വന്തം നാട്ടിലേക്ക് തിരികെ പോകാനും വയ്യ ആയിരിക്കുന്ന സ്ഥലത്ത് ജീവിക്കാൻ മാർഗ്ഗവുമില്ല എന്ന അവസ്ഥയിലാണ് ഈ വിദ്യാർത്ഥികൾ ഇന്ന്. രോഗത്തെ പേടിക്കുന്നതിനൊപ്പം പട്ടിണിയും എങ്ങനെ നാട്ടിലെത്തും എന്ന ആശങ്കയും തളർത്തിയ അവസ്ഥയിലാണ് ഇവരിൽ ബഹുഭൂരിപക്ഷവും.

യുകെയിൽ ഇങ്ങനെ അകപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ ഇവിടങ്ങളിലെ മലയാളി സംഘടനകളും മറ്റും കാര്യമായി പരിശ്രമിക്കുന്നുണ്ടെങ്കിലും കൊറോണ നിയന്ത്രണാതീതമായി തുടരുന്നതും ലോക്ക് ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ അനിശ്ചിതമായി നീളുന്നതും അവരുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇതോടെ നിസഹായാവസ്ഥയിൽ ആയിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെയധികമാണ്. യുകെയിലെ പ്രധാന നഗരങ്ങളിലൊക്കെ തന്നെ ഇങ്ങനെയുള്ള ഒട്ടധികം മലയാളി വിദ്യാർത്ഥികളാണുള്ളത്. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ സൗജന്യ ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തി യുകെ മലയാളി സമൂഹത്തിന് ആകമാനം ആശ്വാസമായി പ്രവർത്തിച്ച യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പോലുള്ള സംഘടനകളാണ് ഇന്ന് ഇവരുടെ ആശാകേന്ദ്രമായി പ്രവർത്തിക്കുന്നത്. നോട്ട് ഫോർ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയി രജിസ്റ്റർ ചെയ്ത് പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന യുണൈറ്റഡ് മലയാളി അസോസിയേഷൻ ഡോക്ടർമാർ, നഴ്‌സുമാർ, അഭിഭാഷകർ, ബിസിനസുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി ഇരുനൂറിലധികം അംഗങ്ങളുള്ള ഒരു സന്നദ്ധ സേനയെ തന്നെ ഈ രോഗകാലത്ത് മലയാളി സമൂഹത്തെ സഹായിക്കാനായി രംഗത്തിറക്കിയിരുന്നു. ഇവർ ഇപ്പോഴും സേവന സന്നദ്ധതയോടെ പ്രവർത്തന രംഗത്ത് കർമ്മനിരതരാണ്.

നിരവധി വിദ്യാർത്ഥികളാണ് ഇപ്പോൾ യു എം ഒയുടെ ഹെൽപ്പ് ലൈൻ നമ്പറിലും വിവിധ ഭാരവാഹികളെ നേരിട്ട് വിളിച്ചും ഇപ്പോഴും സഹായം അഭ്യർത്ഥിക്കുന്നത്. വ്യക്തിപരമായി ചെയ്യാവുന്ന സഹായങ്ങളുടെ പരിധി കഴിഞ്ഞിരിക്കുന്ന അവസ്ഥയിൽ ഇവരെ ഇനിയും സഹായിക്കണമെങ്കിൽ സംഘടനയ്ക്ക് യുകെ മലയാളികളുടെ നിസ്സീമ സഹകരണം കൂടിയേ തീരൂ എന്നാണ് യു എം ഒ യുടെ വിദ്യാർത്ഥി സഹായ സെല്ലിന്റെ ചുമതലക്കാരായ റോസ്ബിൻ രാജൻ, ബിബിൻ എബ്രഹാം എന്നിവർ അറിയിച്ചിരിക്കുന്നത് .

ഇങ്ങനെയുള്ള അവസ്ഥയിൽ പെട്ടിരിക്കുന്നത് സ്വന്തം സഹോദരനോ സഹോദരിയോ മകനോ മകളോ ആണെന്ന് കണക്കാക്കി യുകെയിലെ നല്ലവരായ മലയാളികൾ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഇവർക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെടുകയാണ്.

ഭക്ഷണവും താമസസൗകര്യവും നഷ്ടപ്പെട്ട് തീർത്തും ശോചനീയാവസ്ഥയിൽ ഉള്ളവരെ മാത്രം അർഹതയ്ക്കനുസരിച്ച് സഹായിക്കുക എന്നതാണ് യുണൈറ്റഡ് മലയാളി അസോസിയേഷൻ ലക്ഷ്യമാക്കുന്നത്. ഈ ഉദ്ദേശ്യത്തെ മുൻനിർത്തി ഒരു ഫണ്ട് പിരിവും സംഘടന ആരംഭിച്ചിട്ടുണ്ട്. തികച്ചും സുതാര്യമായ രീതിയിൽ ആണ് ഇത് നടപ്പിലാക്കുന്നതും. ഈ ദുരന്തകാലത്ത് നിങ്ങളിൽ എളിയവരെ സഹായിക്കാനുള്ള ഈ വലിയ സംരംഭത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സഹായം അവർക്ക് നൽകാവുന്നതാണ്.

https://www.justgiving.com/crowdfunding/umounited