ബാല സജീവ് കുമാർ
ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ പരിശ്രമങ്ങൾ ഫലവത്താകുകയാണ്.
ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിൻറെ ശ്രമഫലമായി എക്സ്റ്റേണൽ ഹോം അഫയേഴ്‌സ് മന്ത്രാലയത്തിൽ നിന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നേതൃത്വത്തിൽ യു കെ യിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി നേടുകയുമാണ് ഉണ്ടായിട്ടുള്ളത്. ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളെ പരിരക്ഷിക്കുന്നതിന് മുൻകൈ എടുക്കുന്ന അദ്ദേഹത്തിന്റെ സേവനമനോഭാവത്തെ പ്രകീർത്തിക്കാതെ വയ്യ.
ലണ്ടനിൽ നിന്നും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഡയറക്റ്റ് ചാർട്ടേർഡ് ഫ്ലൈറ്റ് ആണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെ അയക്കുന്നത്. ഓർഗനൈസേഷന്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടേണ്ടതാണ്. ഗർഭിണികൾക്കും, കുട്ടികൾക്കും, പ്രായവുമായവർക്കും, വിസ കാലാവധി കഴിഞ്ഞവർക്കും, മറ്റ് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്.
ഫൈറ്റ് എഗൈൻസ്റ് കോവിഡ് 19 എന്ന പരസ്പരസഹായ സംരംഭവുമായി, ആർക്കും ഏതുനേരവും വിളിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പരും, യു കെയിൽ ഉടനീളം അരമണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്നവർക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്‌സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളിൽ യു കെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ നേതൃത്വത്തിൽ 40 ഡോക്ടർമാരും, നിരവധി നേഴ്‌സ് മാനേജർമാരും ആരോഗ്യപരമായ സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ, തൊഴിൽ പരമോ സാമ്പത്തികപരമോ ഗാർഹികമോ ആയ കാര്യങ്ങൾക്ക് ഉപദേശം നൽകുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്‌സ് ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ ഓർഗനൈസേഷൻ കോവിഡിനെ പ്രതിരോധിക്കാൻ തയ്യാറെടുത്തത്.
ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ബഹുമാനപ്പെട്ട മിസോറാം ഗവർണർ ശ്രീധരൻ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോക്ടർ ശശി തരൂർ മുഖേനയും കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച ഹർജികൾ തീർപ്പാകാനിരിക്കെയാണ് ബഹുമാനപ്പെട്ട ബ്രിസ്റ്റോൾ മേയർ ടോം ആദിത്യയുടെ ഇടപെടലോടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് ലഭിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ടവർ രെജിസ്ട്രേഷനായി മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിലിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.
Leave a Reply