കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല. വിഷയം ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് അതിനാല്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിലപാടെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്ന് യുഎന്‍ സെക്രട്ടറി വ്യക്തമാക്കി.
ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായിട്ടും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ തിങ്കളാഴ്ച പാകിസ്താന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാകിസ്താന്‍, കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു ആവശ്യം ഉന്നയിച്ചത്. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ പാകിസ്താന്‍ വാദിച്ചത്, ‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല. ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണത്. തീവ്രവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം’ എന്നാണ്.
ഇതിന് ഇന്ത്യയുടെ മറുപടി – ‘കാശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി മറ്റ് നിയമങ്ങളെപ്പോലെത്തന്നെ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. എല്ലാ പ്രശ്‌നങ്ങളെയും നേരിട്ടുകൊണ്ട് ജമ്മു കാശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യപ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളാണിത്. എന്നും തീവ്രവാദത്തിന്റെ ഇരയായിരുന്നു ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍.’ എന്നാണ്.
വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്താന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃത്വലായിരുന്നു പാകിസ്താന്റെ പ്രതികരണങ്ങള്‍.
Leave a Reply