ഇന്ത്യൻ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ആഗ്രയിൽ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാർത്തകൂടി. പ്രിയപ്പെട്ടവൻ്റെ മരണം അറിഞ്ഞ ഞെട്ടൽ താങ്ങാനാവാതെ അദ്ദേഹത്തിൻ്റെ സൈനിക ഉദ്യോഗസ്ഥനായ ഭാര്യയും ഡൽഹി കൻ്റോൺമെൻ്റിലെ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ചു.

ഭർത്താവ് ദീൻദയാൽ ദീപിനൊപ്പം തൻ്റെ മൃതദേഹവും “ഒരുമിച്ച് സംസ്‌കരിക്കാൻ” അഭ്യർത്ഥിച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബീഹാർ സ്വദേശിയായ ദീൻദയാൽ ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലും ഭാര്യ രേണു ഡൽഹി കൻ്റോൺമെൻ്റിലെ ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലുമാണ് താമസിച്ചിരുന്നത്. 2022-ൽ ആയിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.

ബുധനാഴ്ചയാണ് ഡൽഹി പോലീസിന് സംഭവത്തിൻ്റെ വിവരം ലഭിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രി ദീൻദയാൽ തൻ്റെ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത നടപടി സ്വീകരിച്ചു, ഒരു ദിവസത്തിന് ശേഷം രേണുവും അദ്ദേഹത്തിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ഗസ്റ്റ് ഹൗസിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ രേണുവിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ദീൻദയാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് മരണങ്ങൾക്കും തമ്മിൽ മറ്റെന്തെങ്കിലും കാരണമോ ബന്ധമോ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും.