ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
വീട്ടിലെ ജനാലയില്‍ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടില്‍ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പില്‍ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പെണ്‍മക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗണ്‍മാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞു പോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാല്‍ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു. ജനുവരി 30, 31 തീയതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.
രാവിലെ പത്ത് മണിയോടെ നിഹാരികയുടെ അമ്മൂമ്മ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കാതെ വന്നപ്പോള്‍ മറ്റുള്ളവരെ വിളിച്ചു . പിന്നാലെ കുട്ടി തൂങ്ങി മരിച്ചയായി കണ്ടെത്തുകയും ചെയ്തു. രാജസ്ഥാനിലെ കോച്ചിങ് സെന്ററുകള്‍ക്ക് പേരുകേട്ട കോട്ടയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. കഴിഞ്ഞ വര്‍ഷം 23 വിദ്യാർത്ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.
Leave a Reply