പാരീസ്‌: ജയില്‍ കവാടത്തില്‍ ചെറിയ ബഹളം. നിമിഷങ്ങള്‍ക്കുള്ളില്‍ ജയില്‍ വളപ്പില്‍ പറന്നിറങ്ങിയ ഹെലികോപ്‌റ്റര്‍. പാരീസിലെ റോ ജയിലിലെ സുരക്ഷാ ജീവനക്കാര്‍ പിന്നെ കാണുന്നത്‌ ഒരു വിജയിയെപ്പോലെ ഹെലികോപ്‌റ്ററില്‍ പറന്നുപോകുന്ന റെഡോണ്‍ ഫെയ്‌ദിനെ… ഹോളിവുഡ്‌ സിനിമകളെ വെല്ലുന്ന ജയില്‍ച്ചാട്ടം ആസൂത്രണം ചെയ്‌തത്‌ കുപ്രസിദ്ധ കുറ്റവാളി റെഡോണ്‍ ഫെയ്‌ദും(46) സംഘവും. 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണു റെഡോണിന്‌ അനുഭവിക്കാനുള്ളത്‌. ഇയാളെ പിടികൂടാന്‍ പരക്കം പായുകയാണു പാരീസിലെ പോലീസ്‌.

ബാങ്ക്‌ കൊള്ള, കൊലപാതകം… ഇങ്ങനെ നിരവധിക്കേസുകളുണ്ട്‌ റെഡോണിന്റെ പേരില്‍. 2013 വരെ ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു ഇയാള്‍.
പ്രാദേശിക സമയം ഇന്നലെ രാവിലെ 11.30 നാണു റെഡോണിന്റെ “ഓപ്പറേഷന്‍” തുടങ്ങിയത്‌. ഈ സമയം, അയാള്‍ ജയിലിലെ സന്ദര്‍ശകരുടെ മുറിയിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ്‌ വേഷത്തില്‍ കലാഷ്‌ണിക്കോവ്‌ റൈഫിളുകളുമായി അനുയായികള്‍ ജയില്‍ കവാടത്തിലെത്തി. ഇവിടെ തര്‍ക്കവും ബഹളവും നടക്കുന്നതിനിടെയാണു ഹെലികോപ്‌റ്റര്‍ ജയില്‍വളപ്പില്‍ ഇറങ്ങിയത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സായുധ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ റെഡോണെ ഹെലികോപ്‌റ്ററിലേക്കു മാറ്റി. ജയിലില്‍നിന്ന്‌ 60 കിലോമീറ്റര്‍ അകലെ ഗാര്‍ജസ്‌ ലെസ്‌ ഗാനസിലാണു ഹെലികോപ്‌റ്റര്‍ ഇറങ്ങിയത്‌. ഇവിടെ കാത്തിരുന്ന കാറില്‍ റെഡോണ്‍ “അപ്രത്യക്ഷമായി”. ഹെലികോപ്‌റ്റര്‍ ഇന്‍സ്‌ട്രക്‌ടര്‍ കൂടിയായിരുന്നു പൈലറ്റ്‌. ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കാനുള്ള ഒരുക്കത്തിനിടെയാണു റെഡോണിന്റെ അനുയായികള്‍ ബന്ദിയാക്കിയതെന്നാണു റിപ്പോര്‍ട്ട്‌. റെഡോണ്‍ രക്ഷപ്പെട്ടശേഷം പൈലറ്റിനെ മോചിപ്പിച്ചു. ഹോളിവുഡ്‌ ചലച്ചിത്രങ്ങളായ “ഹീറ്റ്‌”, “സ്‌കാര്‍ഫേസ്‌” എന്നിവയാണു തന്റെ മോഷണങ്ങള്‍ക്ക് പ്രചോദനമായതെന്നു റെഡോണ്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്‌. രണ്ടു പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

2010 മേയില്‍ നടത്തിയ കൊള്ളയുടെ പേരിലാണു റെഡോണ്‍ ജയിലിലായത്‌. മോഷണ ശ്രമത്തിനിടെ ഇയാളുടെ വെടിയേറ്റ്‌ ഒരു പോലീസുകാരിയും കൊല്ലപ്പെട്ടു.
1990 കളില്‍ ആഭരണകൊള്ളകളിലൂടെയാണ്‌ ഇയാള്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടത്‌. ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടാന്‍ പലതവണ ഇസ്രയേലിലേക്കും അള്‍ജീരിയയിലേക്കും മുങ്ങി. 2013 ലായിരുന്നു റെഡോണിന്റെ ആദ്യ ജയില്‍ച്ചാട്ടം. ഡൈനമിറ്റ്‌ ഉപയോഗിച്ചു ജയില്‍ഭിത്തി തകര്‍ത്താണ്‌ അന്നു രക്ഷപ്പെട്ടത്‌. എന്നാല്‍, ആറ്‌ ആഴ്‌ചയ്‌ക്കകം പോലീസ്‌ പിടിയിലായി.