സ്വന്തം ലേഖകന്‍
കൊച്ചി : വാണിജ്യരംഗത്ത് അതിവേഗം വളര്‍ന്നുവരുന്ന ഒരു സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിന്‍. ബ്ലോക്ക് ചെയിന്‍ എന്നത് ഒരു വലിയ വാര്‍ത്ത തന്നെയാണ് ഇന്ന്. യാഥാര്‍ത്ഥത്തില്‍ വളരെ ലളിതമാണ് ബ്ലോക്ക് ചെയിന്‍ എന്ന സാങ്കേതികവിദ്യ .
എന്താണ് ബ്ലോക്ക് ചെയിന്‍ ?
എല്ലാ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ഭീമന്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ കണക്ക് പുസ്തകത്തിന്റെ പേരാണ് ബ്ലോക്ക് ചെയിന്‍. ഈ കണക്ക് പുസ്തകത്തിലെ ഓരോ വ്യക്തിയുടെ പേരിലും എത്ര പണം ബാക്കിയുണ്ടെന്നും , ഇടപാടുകള്‍ നടന്നോ എന്നും എളുപ്പത്തില്‍ ഈ കണക്ക് പുസ്തകം നോക്കി മനസ്സിലാക്കാനാകും.
ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം അല്ല. അതായത് ഒരു വ്യക്തിയോ , സംഘടനയോ , ബാങ്കോ നിയന്ത്രിക്കുന്ന കണക്ക് പുസ്തകം അല്ല. ലോകം മുഴുവന്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ തന്നെയാണ് പൊതു സമ്മതമായ രീതിയില്‍ ഈ പുസ്തകത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഇതില്‍ യാതൊരു വിധ ക്രമക്കേടുകളും നടത്താന്‍ കഴിയില്ല എന്നതാണ് ഈ കണക്ക് പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . അതോടൊപ്പം ഒരിക്കല്‍ എഴുതി ചേര്‍ത്ത കണക്കുകളില്‍ പിന്നീട് ആര്‍ക്കും ഒരു മാറ്റവും വരുത്താന്‍ കഴിയില്ല.
ബ്ലോക്ക് ചെയിന്‍ എന്നത് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് പൂര്‍ണ്ണ സുരക്ഷയോടെ കക്ഷികള്‍ തമ്മില്‍ വളരെ വേഗത്തില്‍ നടത്തപ്പെടുന്ന ഇടപാടുകള്‍ അടങ്ങിയ ഒരു ഡാറ്റാബേസാണ്. ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന റെക്കോര്‍ഡുകള്‍ വന്‍തോതില്‍ സൂക്ഷിച്ചു പരിപാലിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിനെ ബ്ലോക്ക് എന്നു പറയാം. പല ബ്ലോക്കുകള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിന്‍. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ട ഇടപാടുകളായിരിക്കും. അസംഖ്യം പങ്കാളികള്‍ക്ക് ഇതില്‍ ചേരാം. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങള്‍ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂറ്റഡ് ഡിജിറ്റല്‍ ലെഡ്ജറെന്നും സൂചിപ്പിക്കാം.
ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് നടക്കുന്ന ഓരോ ഇടപാടുകളും ക്രമമായി ഒരു പ്രത്യേക രഹസ്യ പ്രോഗ്രാമിങ്ങുകള്‍ വഴി ആര്‍ക്കും തിരുത്താന്‍ കഴിയാത്ത വിധം ഓണ്‍ലൈന്‍ പബ്ലിക് ലെഡ്ജറുകളില്‍ രേഖപ്പെടുത്തി വെക്കുന്നു. ഓരോ ചെറിയ ഇടപാടും ഇങ്ങനെ ക്രിപ്‌റ്റോ കറന്‍സി ശൃംഖലയിലെ ആയിരക്കണക്കിന് ലെഡ്ജറുകളില്‍ ഒരേ സമയം രേഖപെടുത്തുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടം ഇടപാടുകളുടെ വിവരങ്ങള്‍ ചേര്‍ത്ത് ഒരു ബ്ലോക്ക് ആക്കി അതിനെ വീണ്ടും രഹസ്യ പ്രോഗ്രാമിങ്ങുകള്‍ ഉപയോഗിച്ചു സുരക്ഷിതമാക്കുന്നു. ഇതാണ് ബ്ലോക്ക് ചെയിന്‍ എന്ന് ലളിതമായി പറയാം.
എന്താണ് ക്രിപ്‌റ്റോഗ്രാഫിക് ഹാഷിങ് ?
ആഗോളതലത്തില്‍ തന്നെ ബ്ലോക്ക് ചെയിന്‍വഴി ആയിരക്കണക്കിന് സെര്‍വറുകളില്‍ ഡേറ്റ ശേഖരിച്ചു വയ്ക്കാം. ബ്ലോക്ക് ചെയിനിലെ ഓരോ പങ്കാളിയും കൂട്ടിച്ചേര്‍ക്കുന്ന ഡേറ്റ മറ്റുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണാം. ഇങ്ങനെ പുതിയ ബ്ലോക്കിനെ അടുത്തതുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തെയാണ് ക്രിപ്‌റ്റോഗ്രാഫിക് ഹാഷിങ് എന്ന് പറയുന്നത്. ബ്ലോക്ക് ചെയിന്‍ എന്ന കണക്കുപുസ്തകത്തെ അടിസ്ഥാനമാക്കി മാത്രം നിലനില്‍ക്കുന്ന ഒരു കറന്‍സി സംവിധാനമായതിനാല്‍ , അതിന്റെ സുരക്ഷിതത്വം വളരെ പ്രധാനമാണ്. അതിനാല്‍ ബ്ലോക്ക് ചെയിനില്‍ ബ്ലോക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് സങ്കീര്‍ണ്ണമായ ക്രിപ്റ്റോഗ്രാഫിക് സാങ്കേതികത്വത്തിലൂടെയാണ്.
എന്താണ് മൈനിങ് ?
ബ്ലോക്ക് ചെയിനിലെ രഹസ്യ രൂപത്തില്‍ ഉള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനും ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനും വീണ്ടും വളരെ സങ്കീര്‍ണമായ പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടത് ഉണ്ട്. ഇതിന് സഹായിക്കുന്നവരെ മൈനേഴ്സ് എന്നും വിളിക്കുന്നു. മൈനേഴ്സ് അവരുടെ ശക്തിയേറിയ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒരു കൂട്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തി കൊടുക്കുന്നു. ഇതിനെയാണ് മൈനിങ് എന്ന് പറയുന്നത്. ഇത് ഏറ്റവും ആദ്യം ചെയ്തു തീര്‍ക്കുന്ന മൈനറിന് അയാള്‍ പരിശോധിച്ച ഇടപാടുകള്‍ക്ക് ആനുപാതികമായി ചെറിയ തുക ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ പ്രതിഫലമായി ലഭിക്കുന്നു. ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടെന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍ . രണ്ട് ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബ്ലോക്ക് ചെയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍ .
എന്താണ് ക്രിപ്‌റ്റോ കറന്‍സി വാലറ്റ് ?
സാധാരണ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചു വയ്ക്കാനുപയോഗിക്കുന്നതുപോലെയുള്ള ഒരു പേഴ്‌സില്‍ തന്നെയായിരിക്കും ക്രിപ്‌റ്റോ കറന്‍സികളും സൂക്ഷിച്ചു വയ്ക്കുക . ഈ പേഴ്സിന്റെ പേരാണ് ക്രിപ്‌റ്റോ കറന്‍സി വാലറ്റ്. അതായത് ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ അക്കൗണ്ടാണ് ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍.
ബ്ലോക്ക് ചെയിനിന്റെ സാധ്യത
ക്രിപ്‌റ്റോ കറന്‍സി ഉപയോഗങ്ങള്‍ക്ക് പുറമേ വിവിധ മേഖലകളിലും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്നത്തെ പല തൊഴിലുകളിലും ഭാവിയില്‍ ബ്ലോക്ക് ചെയിന്‍ സംവിധാനം ഉപയോഗപ്പെടുത്തേണ്ടി വരുമെന്നാണ് പഠനം തെളിയിക്കുന്നത് . സാമ്പത്തിക, റീട്ടെയില്‍, ഗതാഗത , റിയല്‍ എസ്റ്റേറ്റ് , ആഗോള ഷിപ്പിങ് , ആരോഗ്യരക്ഷ , മൊബൈല്‍ ഇടപാടുകള്‍ തുടങ്ങി വിവിധ സാമൂഹിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ബ്ലോക്ക് ചെയിന്‍ വഴിതെളിക്കുമെന്നാണ് ചുരുങ്ങിയ കാലംകൊണ്ട് തെളിയുന്നത് . ഒരു വര്‍ഷത്തിനകം ഈ മേഖലയിലെ തൊഴിലവസരങ്ങളില്‍ 300 ശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ അഞ്ചുവര്‍ഷത്തിനകം പത്തു ലക്ഷം തൊഴിലവസരങ്ങളുണ്ടാകും.
ലോകത്തെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ വാള്‍മാര്‍ട്ട് , ഷിപ്പിംഗ് കമ്പനികളായ ഫെഡെക്‌സ് , യു പി എസ് , മെസ്‌ക് തുടങ്ങിയവയും , ബ്രിട്ടീഷ് ഐര്‍വേയിസ് , സിംഗപ്പൂര്‍ എയര്‍ലൈന്‍സ് , ബര്‍ഗര്‍ കിംഗ് , കിക്ക് , ഐ ബി എം , മൈക്രോസോഫ്റ്റ് , ഓവര്‍ സ്റ്റോക്ക് , മാസ്റ്റര്‍കാര്‍ഡ് , ഹുവാവെ ടെക്നോളജീസ് , ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ കമ്പനികളൂം ഇതിനോടകം ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു .
ബ്ലോക്ക് ചെയിനിന്റെ സാധ്യതകളെ മനസിലാക്കി ലോകരാജ്യങ്ങളിലെല്ലാം ഈ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുവാനുള്ള പല പാഠ്യ പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു . കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബ്ലോക്‌ചെയിന്‍ പരിശീലനത്തിന് തുടക്കമായി കഴിഞ്ഞു. കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ആക്‌സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നത്.
Leave a Reply