സ്വന്തം ലേഖകൻ
യു കെ :- തനിക്ക് ഒരു തൊഴിൽ കണ്ടെത്തുവാൻ സാധിക്കാതെ ബുദ്ധിമുട്ടിയ ഒരു പിതാവ് ട്വിറ്ററിലൂടെ സഹായമഭ്യർത്ഥിച്ച് ഇട്ട ട്വീറ്റിന് മറുപടിയായി ലഭിച്ചത് 100000 മെസ്സേജുകൾ. അമ്പതിയൊന്നുകാരനായ എഡ്മണ്ട് ലീയറിയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചത്. താൻ വളരെയധികം വിഷമഘട്ടത്തിൽ ആണെന്നും, ഈ മെസ്സേജ് കാണുന്നവർ ഒരു ഹലോ പറയുവാനുള്ള സമയം തനിക്കുവേണ്ടി നീക്കിവെക്കണമെന്നുമായിരുന്നു എഡ്മണ്ടിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി നിരവധി ആളുകളാണ് അദ്ദേഹത്തിന് മാനസിക പിന്തുണ നൽകി മെസ്സേജുകൾ അയച്ചത്.

കോവിഡ് – 19 മൂലം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് എഡ്മണ്ട് കടന്നുപോയത്. അതിനാൽ തന്നെ മാനസികമായ ഒത്തിരി പിരിമുറുക്കങ്ങൾ അനുഭവിക്കേണ്ടതായി വന്നുവെന്നും അദ്ദേഹം സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ വിവാഹമോചിതനാണ്. അതിനാൽ തന്നെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും കാര്യമായ പിന്തുണ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന് രണ്ട് ഇരട്ടക്കുട്ടികൾ ആണ് ഉള്ളത്.

ഒരുപാട് ജോലികൾക്കായി എഡ്മണ്ട് ശ്രമിച്ചെങ്കിലും ഒന്നുംതന്നെ ലഭിച്ചില്ല. നിരവധി പ്രശസ്തരായ ആളുകളാണ് എഡ്മണ്ടിന് സഹായം വാഗ്ദാനം ചെയ്ത് മെസ്സേജുകൾ അയച്ചത്. തനിക്ക് ലഭിച്ച പിന്തുണയിൽ താൻ വളരെയധികം സന്തോഷവാൻ ആണെന്ന് എഡ്മണ്ട് പറഞ്ഞു. ഒരിക്കലും ഇത്രയും പിന്തുണ താൻ പ്രതീക്ഷിച്ചില്ല എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.











Leave a Reply