ഇന്നലെ മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നിര്യാതനായ ജോംലാല്‍ ടൈറ്റസിന്‍റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം. മരണ കാരണമായേക്കാവുന്ന മാരക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്ന ആളായിരുന്നില്ല 39 വയസ്സ് മാത്രം പ്രായമുള്ള ജോംലാല്‍. ശാരീരികമായി നല്ല സുഖമില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. അതിന് ഡോക്ടറെ കാണുകയും ചെയ്തിരുന്നു. ഇന്നലെയും ജിപി സര്‍ജറിയില്‍ പോയി ഡോക്ടറെ കാണുകയും ജോലിസ്ഥലത്ത് കൊടുക്കാനുള്ള സിക്ക് നോട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങുകയും ചെയ്ത ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു.
വൈകുന്നേരം നാല് മണിയോടെ ചായ കുടിച്ച ശേഷം കുറച്ച് നേരം കിടക്കാനായി പോയ ജോംലാല്‍ ആറു മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ട്രീസ വിളിക്കുമ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ജോംലാല്‍ മരണമടഞ്ഞിരുന്നു എന്നാണ് വിവരം.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജോംലാലിന്‍റെ മൃതദേഹം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നാണ് അറിയുന്നത്. ഉറക്കത്തില്‍ ഉണ്ടായ ഹൃദയസ്തംഭനം ആവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ജോംലാലിന്‍റെ വീട്ടില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ജോംലാലിന്‍റെ മരണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഇന്നലെ വിഥിന്‍ഷോയലെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.
കോതമംഗലം, എലവുപറമ്പ്, പെരുമ്പള്ളിച്ചിറ കുടുംബാംഗമാണ് മരണമടഞ്ഞ ജോംലാല്‍ ടൈറ്റസ്. കഴിഞ്ഞ 14 വര്‍ഷമായി മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഭാര്യ ത്രേസ്യാമ്മ വര്‍ഗ്ഗീസ് (ട്രീസ) ചങ്ങനാശ്ശേരി പുളിങ്കുന്ന് മനയ്ക്കല്‍ കുടുംബാംഗമാണ്. മൂന്ന് വയസ്സുകാരി ട്രീസയാണ് ഏകമകള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ആല്‍ഫ എല്‍എസ്ജി സകൈ ഷെഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബോബന്‍. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോബി കരിങ്കുന്നം, മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജയ്സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവരുള്‍പ്പെടെ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒന്നടങ്കം ആശ്വാസ വാക്കുകളുമായി ബോബന്റെ വീട്ടിലുണ്ട്.
Leave a Reply